ഷികാഗോയിൽ തെരുവിലിറങ്ങി അക്രമികൾ; വ്യാപക കൊള്ള, വെടിവെപ്പ്

വാഷിങ്ടൺ: യു.എസിലെ ഷികാഗോയിൽ തിങ്കളാഴ്ച രാത്രിയിൽ തെരുവിലിറങ്ങിയ ഒരുകൂട്ടം പ്രതിഷേധക്കാർ വ്യാപാര സ്ഥാപനങ്ങൾ വ്യാപകമായി കൊള്ളയടിച്ചു. തടയാനെത്തിയ പൊലീസുമായി സംഘർഷമുണ്ടായതിനെ തുടർന്ന് വെടിവെപ്പുണ്ടായി. 100ലെറെ പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് നഗരത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി.

ഞായറാഴ്ച വൈകീട്ടോടെ തന്നെ ഷികാഗോയിൽ പ്രതിഷേധം ഉയരുന്നുണ്ടായിരുന്നു. പൊലീസ് വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റതിനെ തുടർന്നാണ് പ്രതിഷേധക്കാർ ഒത്തുകൂടാൻ തുടങ്ങിയത്. തിങ്കളാഴ്ച രാത്രിയോടെ പ്രതിഷേധം അക്രമാസക്തമാവുകയും കടകൾ വ്യാപകമായി തകർക്കുകയും കൊള്ളചെയ്യുകയുമായിരുന്നു.

13 പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസിയായ ഒരാൾക്കും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു. 


ക്രിമിനൽ സംഘമാണ് തെരുവിലിറങ്ങിയതെന്നും ഇതിന് പ്രത്യാഘാതമുണ്ടാകില്ലെന്ന ധാരണയാണ് അവരെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചതെന്നും ഷികാഗോ പൊലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗൺ പറഞ്ഞു. അഭ്യൂഹങ്ങളാണ് പ്രതിഷേധത്തിന് വഴിമരുന്നിട്ടതെന്നും അദ്ദേഹം പറയുന്നു. പൊലീസിനെ വെടിവെച്ചയാൾക്ക് നേരെയാണ് തിരികെ വെടിവെച്ചത്. ഇയാൾ ചികിത്സയിലാണ്. 

അതിക്രമങ്ങളെ ഷികാഗോ മേയർ ലോറി ലൈറ്റ്ഫൂട്ട് അപലപിച്ചു. ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടർന്നുള്ള നീതിക്കായുള്ള പ്രക്ഷോഭവുമായി ഷികാഗോയിലെ അതിക്രമങ്ങളെ ബന്ധിപ്പിക്കാനാകില്ലെന്നും തീർത്തും കുറ്റകൃത്യമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലേക്ക് ഭക്ഷണം എത്തിക്കാനായി പാവപ്പെട്ടവർ നടത്തിയ മോഷണമല്ല ഉണ്ടായത്. ആസൂത്രിത കൊള്ളയാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി. 


ജോർജ് ഫ്ലോയിഡിന്‍റെ കൊലക്ക് ശേഷം ഷികാഗോയിൽ ഉൾപ്പെടെ അമേരിക്കയിലുടനീളം വ്യാപക പ്രക്ഷോഭം നടന്നിരുന്നു. ഇതിന് പിന്നാലെ ഷികാഗോയിൽ കൊള്ളയും കൊലപാതകവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 28 ദിവസത്തിനിടെ 94 കൊലപാതകമാണ് നഗരത്തിലുണ്ടായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.