കോടികൾ മുടക്കി അന്ത്യയാത്ര; ആബെയുടെ സംസ്കാര ചടങ്ങിനിടെ പ്രതിഷേധവുമായി ജനം

മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെയോട് വിടപറയാൻ ഒരുങ്ങുകയാണ് ജപ്പാൻ. ആബെയുടെ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാനായി രാഷ്ട്ര തലവന്മാരുൾപ്പടെ നിരവധി പ്രമുഖർ ടോക്കിയോയിൽ എത്തിയിട്ടുണ്ട്. അതേസമയം, സംസ്കാര ചടങ്ങുകളുടെ ചെലവ് സംബന്ധിച്ച് ജപ്പാനിൽ പ്രതിഷേധം തുടരുകയാണ്. പൊതുജനത്തിന്‍റെ പണം ഉപയോഗിച്ച് സംസ്കാര ചടങ്ങുകൾ നടത്തുന്നതിനെതിരെയാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

സംസ്കാരചടങ്ങുകൾക്കായി വൻ തുകയാണ് ജപ്പാൻ സർക്കാർ ചെലവഴിക്കുന്നത്. ഏകദേശം 1.66 ബില്യൺ യെൻ (94.1041 കോടി രൂപ) ചെലവഴിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇത് എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിനേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ.


ടോക്കിയോയിൽ പ്രതിഷേധം തുടരുന്നതിനിടെ കനത്ത സുരക്ഷയിലായിരിക്കും ആബെയുടെ സംസ്കാരചടങ്ങുകൾ നടക്കുക. സംസ്‌കാര ചടങ്ങുകൾ നടക്കുന്ന വേദിക്ക് സമീപമുള്ള സ്‌കൂളുകൾ അടച്ചിടുകയും പരിപാടിക്ക് സുരക്ഷ ഉറപ്പാക്കാനായി 20,000 പൊലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ, സർക്കാറിന്‍റെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ഓഫിസിന് സമീപം പ്രതിഷേധിക്കുന്നതിനിടെ ഒരാൾ സ്വയം തീകൊളുത്തിയിരുന്നു.

ഇന്ന് നടക്കുന്ന സംസ്കാര ചടങ്ങുകളിൽ 20ലധികം രാഷ്ട്രത്തലവന്മാരുൾപ്പെടെ 100ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. തെക്കൻ ജാപ്പനീസ് നഗരമായ നാരയിൽ ജൂലൈ എട്ടിന് തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം നടത്തുന്നതിനിടെയാണ് ആബെ വെടിയേറ്റ് മരിച്ചത്. ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് ഷിൻസൊ ആബെ.

Tags:    
News Summary - Massive protests as Japan honours ex-PM Shinzo Abe at costly state funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.