കൈറോ: സൂയസ് കനാലിൽ മണ്ണിലമർന്ന കൂറ്റൻ ചരക്കു കപ്പലിനെ രക്ഷപ്പെടുത്താൻ രണ്ടു ദിവസമായി തുടരുന്ന ശ്രമങ്ങൾക്കും സാധിക്കാതെ വന്നതോടെ വെട്ടിലായി ലോക രാജ്യങ്ങൾ. വടക്ക് മെഡിറ്റേറനിയനെയും തെക്ക് ചെങ്കടലിനെയും ബന്ധിപ്പിച്ച് ഒന്നര നൂറ്റാണ്ട് മുമ്പ് നിർമിച്ച 193 കിലോമീറ്റർ കനാലിൽ 400 മീറ്റർ നീളമുള്ള കപ്പലാണ് കഴിഞ്ഞ ദിവസം വിലങ്ങനെ നിലംതൊട്ടുനിന്നത്. ചില സ്ഥലങ്ങളിൽ 205 മീറ്ററാണ് കനാലിന്‍റെ വീതി.
ടഗ് ബോട്ടുകൾ ഉപയോഗിച്ച് ചരക്കുകപ്പൽ വലിച്ച് നേരെയാക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും രക്ഷാ പ്രവർത്തനം വിജയിച്ചിട്ടില്ല. ആദ്യം ഇരു കരകളിലും ഡ്രെഡ്ജിങ് നടത്തിയ ശേഷമാകും കപ്പൽ വലിച്ചുനേരെയാക്കുക. സ്മിറ്റ് സാൽവേജ് എന്ന ഡച്ച് കമ്പനിക്ക് ചുമതല നൽകിയിട്ടുണ്ട്.
രണ്ടു ലക്ഷം െമട്രിക് ടണ്ണാണ് കപ്പൽ ഭാര്യം. 'എവർഗ്രീനി'ന്‍റെ വലിപ്പവും കയറ്റിയ ഭാരവുമാണ് പ്രധാന വില്ലൻ. രക്ഷാ ദൗത്യം അപകട സാധ്യത കണക്കിലെടുത്ത് ബുധനാഴ്ച രാത്രി നിർത്തിവെച്ചിരുന്നു. ഇരുവശത്തും നീങ്ങുകയായിരുന്ന 100 ലേറെ കപ്പലുകൾ ഗതാഗതം വഴിമുട്ടി പാതിവഴിയിൽ നിർത്തിയിട്ട നിലയിലാണ്. എണ്ണ മുതൽ അവശ്യ വസ്തുക്കൾ വരെ കയറ്റിയ കപ്പലുകളാണ് ഇരുവശത്തും യാത്ര മുടങ്ങി കിടക്കുന്നത്. ഞായറാഴ്ചയോ തിങ്കളാഴ്ചയോ മാത്രമേ കപ്പൽ ശരിയായ ദിശയിലേക്ക് കൊണ്ടുവരാനാകൂ എന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. അതുകഴിഞ്ഞ് സാങ്കേതിക പരിശോധന കൂടി പൂർത്തിയായ ശേഷമാകും ഗതാഗതത്തിന് തുറന്നുകൊടുക്കുക.
ഈജിപ്തിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സാണ് സൂയസ് കനാൽ. ശരാശരി 560 കോടി ഡോളറാണ് അതുവഴി വരുമാനം.
എണ്ണ കയറ്റുമതി നിലച്ചത് ആഗോള വിപണിയിൽ വില കൂടാനിടയാക്കിയിട്ടുണ്ട്.
പ്രതിദിനം 960 കോടി ഡോളറിന്‍റെ ചരക്ക് സൂയസ് കനാൽ കടന്നുപോകുന്നുവെന്നാണ് കണക്ക്. അത് നിലക്കുന്നതോടെ കോടികളുടെ നഷ്ടമാണ് കമ്പനികൾക്കും അതുവഴി മറ്റുള്ളവർക്കും വരിക. മണിക്കൂറിൽ 3000 കോടി രൂപയുടെ നഷ്ടമാകും ഇങ്ങനെയുണ്ടാവുകയെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.