തെരഞ്ഞെടുപ്പിൽ ആർക്കും പിന്തുണയില്ല; ട്രംപ് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയതിന് പിന്നാലെ പ്രതികരിച്ച് മക്ഡോണാൾഡ്സ്

വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പെൻസിൽവാനിയയിലെ റസ്റ്ററന്റ് സന്ദർശിച്ച് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയതിൽ പ്രതികരിച്ച് മക്ഡോണാൾഡ്സ്. തെരഞ്ഞെടുപ്പിൽ ആരോടും പ്രത്യേകിച്ച് ആഭിമുഖ്യമില്ലെന്ന് മക്ഡോണാൾഡ്സ് വ്യക്തമാക്കി. കമ്പനിക്കുള്ളിൽ ജീവനക്കാർക്ക് അയച്ച കുറിപ്പിലാണ് മക്ഡോണാൾഡ്സിന്റെ അറിയിപ്പ്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മക്ഡോണാൾഡ്സിന് ആരോടും ആഭിമുഖ്യമില്ല. ഇത് വർഷങ്ങളായി തുടരുന്ന നിലപാടാണ്. ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും അത് തന്നെ തുടരുമെന്നും കമ്പനി വ്യക്തമാക്കി. ഞങ്ങൾ ചുവപ്പോ, നീലയോ അല്ലെന്നും സ്വർണ നിറമാണെന്നും കമ്പനി ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു.

നേരത്തെ മക്ഡോണാൾഡ്സിന്റെ ഔട്ട്​ലെറ്റുകളിലൊന്ന് ഡോണൾഡ് ട്രംപ് സന്ദർശിച്ചിരുന്നു. ​തുടർന്ന് റസ്റ്ററന്റിൽവെച്ച് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കി ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. തെരഞ്ഞെടുപ്പിൽ നിർണായകമായ പെൻസിൽവാനിയയിലെ റസ്റ്ററന്റിൽ തന്നെയാണ് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാനായി ഡോണാൾഡ് ട്രംപ് എത്തിയത് എന്നതും ശ്ര​ദ്ധേയമായിരുന്നു.

പ്രാദേശിക ഫ്രാഞ്ചൈസി ഉടമ ഡെറെക് ജികോമാന്റിനോയാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ അഭ്യർഥന പ്രകാരം റസ്റ്ററന്റ് വിട്ടുനൽകിയതെന്നും മക്ഡോണാൾഡ്സ് വിശദീകരിച്ചു. നേരത്തെ കോളജിൽ പഠിക്കുന്ന സമയത്ത് താൻ മക്ഡോണാൾഡ്സിൽ ജോലി ചെയ്തിട്ടുണ്ടെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി കമലഹാരിസ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡോണാൾഡ് ട്രംപ് മക്ഡോണാൾഡ്സിന്റെ റസ്റ്ററന്റിലേക്ക് എത്തിയത്.

Tags:    
News Summary - McDonald's stresses electoral neutrality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.