ജറൂസലം: ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ വധത്തിന് പിന്നാലെ യുദ്ധസമാന ഭീതിയിൽ പശ്ചിമേഷ്യൻ മേഖല. ഹനിയ്യയുടെ കൊലപാതകത്തിന് ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനു പിന്നാലെ ഇറാനെ പ്രതിരോധിക്കാൻ ഇസ്രായേലിന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്തു. പശ്ചിമേഷ്യൻ മേഖലയിലേക്ക് വിമാന വാഹിനികപ്പൽ അയക്കാനും പെന്റഗൺ തീരുമാനിച്ചിട്ടുണ്ട്. സംഘർഷ സാധ്യത രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യൻ മേഖലകയിലേക്ക് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ശേഷിയുള്ള ക്രൂയിസറുകളും
ഡിസ്ട്രോയറുകളും യുദ്ധവിമാനങ്ങളും വിന്യസിക്കാൻ യു.എസ് പ്രതിരോധ വകുപ്പ് ഉത്തരവിടുകയും ചെയ്തു. കര അധിഷ്ടിത ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ആയുധങ്ങൾ അയക്കാനും നടപടി സ്വീകരിച്ചായി യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് അറിയിച്ചു. വ്യാഴാഴ്ചയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ബൈഡൻ ബാലിസ്റ്റിക് മിസൈലുകളിൽ നിന്നും ഡ്രോണുകളിൽ നിന്നും സാധ്യമായ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി പുതിയ യു.എസ് സൈനിക വിന്യാസത്തെക്കുറിച്ച് ചർച്ച ചെയ്തത്. കഴിഞ്ഞ ഏപ്രിലിലും യു.എസ് ഇസ്രായേലിന് സഹായവുമായി എത്തിയിരുന്നു.
സംഘർഷ സാധ്യത രൂക്ഷമായ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് രാജ്യം വിടാൻ ലെബനാനിലെ പൗരൻമാർക്ക് യു.എസ് എംബസി നിർദേശം നൽകി. കിട്ടുന്ന വിമാനത്തിൽ രാജ്യത്തേക്ക് എത്തണമെന്നാണ് അടിയന്തര നിർദേശം.
ഹനിയ്യയെ ഇസ്രായേൽ വധിച്ചത് ഹ്രസ്വ ദൂര പ്രൊജക്ടൈലുകൾ ഉപയോഗിച്ചാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
അതിനിടെ, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ തുൽക്കറെം നഗരത്തിനടുത്ത് ഇസ്രായേൽ നടത്തിയ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. നബ്ലസ് മേഖലയിലെ ഖസ്സാം ബ്രിഗേഡ് നേതാവ് ഹൈതം ബലിദിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ സായുധ വിഭാഗമായ അൽ ഖുദ്‌സ് ബ്രിഗേഡിന്റെ തലവന്മാരിൽ ഒരാളാണ് കൊല്ലപ്പെട്ട മറ്റൊരാളെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മറ്റു മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ കത്തിയിരുന്നു. ഫലസ്തീൻ ഗ്രാമങ്ങളായ സെയ്ത, ഖാഫിൻ എന്നിവയെ ബന്ധിപ്പിക്കുന്ന റോഡിനടുത്ത് കാറിനുനേരെയാണ് ശനിയാഴ്ച രാവിലെ ആദ്യം വ്യോമാക്രമണമുണ്ടായത്. അഞ്ച് പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.