കാഠ്മണ്ഡു: നാല് ഇന്ത്യക്കാരടക്കം 22 പേരുമായി നേപ്പാളിൽ കാണാതായ വിമാനം തകർന്ന നിലയിൽ കണ്ടെത്തി. മനാപതി ഹിമലിലെ ലാംചെ നദിയിലാണ് വിമാനം കണ്ടെത്തിയത്.
പ്രദേശവാസികൾ വിവരം നേപ്പാൾ സൈന്യത്തെ അറിയിക്കുകയായിരുന്നു. നേപ്പാൾ കരസേനയും വ്യോമസേനയും സംഭവ സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ടെന്ന് നേപാൾ സൈനിക വക്താവ് അറിയിച്ചു.
പ്രാദേശിക വിമാനക്കമ്പനിയായ താര എയറിന്റെ ട്വിൻ ഒട്ടർ വിമാനത്തിൽ 19 യാത്രക്കാരും മൂന്ന് പേർ ജീവനക്കാരുമായിരുന്നു. ഇന്ത്യക്കാരെ കൂടാതെ രണ്ട് ജർമൻ സ്വദേശികളാണ് യാത്രക്കാരിൽ ഉണ്ടായിരുന്നത്.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും യാത്രക്കാരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അറിയിച്ചു.
പൊഖാറയിൽനിന്നും രാവിലെ 9.50നാണ് പറന്നുയർന്നത്. മുസ്താങ് ജില്ലയിലെ ജോംസോമിലൂടെ സഞ്ചരിച്ച വിമാനം ധൗലഗിരി പർവതത്തിലേക്ക് വഴിതിരിച്ചുവിട്ടിരുന്നുവെന്നും അതിനുശേഷം ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നുമായിരുന്നു ആദ്യ വിവരം.
2009ൽ യെതി എയർലൈൻസ് ഫ്‌ളീറ്റിൽ നിന്നുള്ള വിമാനങ്ങൾ ഉപയോഗിച്ചാണ് താര എയർ രൂപീകരിച്ചത്. 2019 ൽ താര എയറിനെ സുരക്ഷിതമല്ലാത്ത എയർലൈനുകളിൽ ഒന്നായി ഫോർബ്സ് വിലയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.