നൂപുർ ശർമ

പ്രവാചകനിന്ദയിൽ പ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങൾ; അപലപിച്ച് ഇന്തോനേഷ്യ, ജോർദാൻ, മാലദ്വീപ്, ലിബിയ

ജക്കാർത്ത: ബി.ജെ.പി നേതാവ് നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തെ അപലപിച്ച് ഇന്തോനേഷ്യ, ജോർദാൻ, മാലദ്വീപ് എന്നീ രാജ്യങ്ങൾ കൂടി രംഗത്ത്. വിവിധ ജി.സി.സി രാജ്യങ്ങൾ വിവാദ പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് കൂടുതൽ രാജ്യങ്ങൾ പ്രതിഷേധമറിയിച്ചത്.

'പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ രണ്ട് ഇന്ത്യൻ രാഷ്ട്രീയക്കാരുടെ അസ്വീകാര്യവും അപകീർത്തികരവുമായ പരാമർശങ്ങളെ ഇന്തോനേഷ്യ ശക്തമായി അപലപിക്കുന്നു. ജക്കാർത്തയിലെ ഇന്ത്യൻ അംബാസഡറെ ഇക്കാര്യം അറിയിക്കുന്നു.' -ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. 


ഭീകരവാദവും വിദ്വേഷവും വളർത്തുന്നതാണ് ബി.ജെ.പി വക്താക്കളുടെ പരാമർശങ്ങളെന്നും ഇവരെ പുറത്താക്കിയത് ഉചിതമായ നടപടിയാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വിവാദ പരാമർശം നടത്തിയവരെ പുറത്താക്കിയ നടപടിയെ മാലദ്വീപ് സ്വാഗതം ചെയ്തു. 

വിവാദ പരാമർശത്തെ അപലപിച്ച് ലിബിയയും രംഗത്തെത്തി. 


വിവാദ പരാമർശങ്ങളെ ശക്തമായി അപലപിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പ് പുറത്തിറക്കിയിരുന്നു. ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്കു വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും തള്ളിക്കളയണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സഹിഷ്ണുതയുടെയും മാനവിക സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കൽ അന്താരാഷ്ട്ര സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണ്. വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഏതു തരം പ്രവർത്തനങ്ങൾ തടയാനും നടപടിയുണ്ടാകണമെന്നും യു.എ.ഇ വ്യക്തമാക്കി. ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളും അറബ് ലീഗ്, ഒ.ഐ.സി അടക്കമുള്ള സംഘടനകളുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അപകീർത്തി പരാമർശത്തിൽ ബി.ജെ.പി ദേശീയ വക്താവായിരുന്ന നൂപുർ ശർമയ്ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർധയുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് റസാ അക്കാദമി മുംബൈ ഘടകം നൽകിയ പരാതിയിലായിരുന്നു നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295-എ(ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നടപടി), 153-എ(വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

കഴിഞ്ഞയാഴ്ച ദേശീയ മാധ്യമമായ 'ടൈംസ് നൗ'വിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു നൂപുർ ശർമയുടെ വിവാദ പരാമർശം. പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. അറബ് ലോകത്തുനിന്നടക്കം വൻ പ്രതിഷേധം ഉയർന്നതോടെ ബി.ജെ.പി വിവാദ പരാമർശത്തെ അപലപിച്ച് രംഗത്തെത്തുകയായിരുന്നു. നൂപുറിനെയും വിവാദ വിഡിയോ ട്വിറ്ററിലടക്കം പ്രചരിപ്പിച്ച ഡൽഹി ഘടകം മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെ ക്ഷമാപണവുമായി നൂപുർ രംഗത്തെത്തുകയും ചെയ്തിരുന്നു.

Tags:    
News Summary - More countries protesting against Nupur sharmas derogatory remarks against Prophet Muhammad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.