കിയവ്: ഗൈഡഡ് ബോംബുകൾക്ക് തിരിച്ചടി നൽകി റഷ്യയിലേക്ക് 100ലേറെ ഡ്രോണുകൾ പറത്തി യുക്രെയ്ൻ. 125ലധികം ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡ്രോണുകളുടെ അവശിഷ്ടം വീണ് വോൾഗോഗ്രാഡിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് കനത്ത തീപിടിത്തമുണ്ടായി. 67 ഡ്രോണുകളാണ് ഇവിടെ മാത്രം തകർന്നുവീണത്. 17 ഡ്രോണുകൾ വെടിവെച്ചിട്ട റഷ്യയിലെ വൊറോനെഷ് മേഖലയിൽ അവശിഷ്ടങ്ങൾ പതിച്ച് അപ്പാർട്മെന്റിനും വീടിനും കേടുപാട് സംഭവിച്ചു. ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകൾനിലയിൽനിന്ന് തീ പുകയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. റോസ്തോവ് മേഖലയിലാണ് ഡ്രോൺ അവശിഷ്ടങ്ങൾ കാട്ടുതീക്ക് ഇടയാക്കിയത്. ജനവാസ മേഖലയെ ബാധിച്ചില്ലെങ്കിലും 49ലേറെ ഏക്കറുകളിൽ പടർന്നുപിടിച്ച കാട്ടുതീ അണക്കാൻ അധികൃതർ കഠിന ശ്രമമാണ് നടത്തിയത്.
അതേസമയം, തെക്കൻ യുക്രെയ്ൻ നഗരമായ സപോരിജിയയിൽ ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റു. ഗൈഡഡ് ബോംബുകളുപയോഗിച്ച് സപോരിജിയ നഗരത്തിലെ പത്തിടങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. ബഹുനില കെട്ടിടവും നിരവധി വീടുകളും ബോംബ് വീണ് തകർന്നിരുന്നു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. നഗരത്തിലെ റെയിൽവെ, മറ്റടിസ്ഥാന സൗകര്യങ്ങൾ റഷ്യ തകർത്തതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.