മററാകിഷ്: മൊറോക്കോയിലെ ചരിത്ര നഗരമായ മറാകിഷിലുണ്ടായ ഭൂകമ്പത്തിൽ തകർന്നടിഞ്ഞത് നിരവധി പൈതൃക സ്മാരകങ്ങളും കെട്ടിടങ്ങളും. രാജ്യത്തെ നാലാമത്തെ വലിയ നഗരമായ മറാകിഷിൽ ഒറ്റരാത്രികൊണ്ട് സ്ഥിതിയാകെ മാറി. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഭൂകമ്പ പ്രതിരോധത്തിന് കഴിയുന്ന രീതിയിലല്ല ഇവയിൽ മിക്കതിന്റെയും നിർമാണം. കെട്ടിടങ്ങൾ വ്യാപകമായി നിലംപൊത്താൻ ഇതും കാരണമായതായാണ് വിലയിരുത്തൽ.
അൽ മുറാവിദ് രാജവംശത്തിന്റെ കാലത്ത് നിർമിക്കപ്പെട്ട കെട്ടിടങ്ങളും പുരാതന മതിലുകളും അടങ്ങുന്ന നഗരം 1985ൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. മധ്യകാല പള്ളികൾ, കൊട്ടാരങ്ങൾ, പുരാതന സെമിനാരികൾ തുടങ്ങി നിരവധി ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും രാജഭരണ കാലത്ത് നിർമിക്കപ്പെട്ട സുരക്ഷാമതിലുകളും തകർന്നു.
പൈതൃക കേന്ദ്രമായതിനാൽ നിരവധി വിദേശ സഞ്ചാരികൾ എത്തുന്ന ഇടമാണിത്. ആയിരത്തിലേറെ ആളുകൾ മരിച്ച ഭൂകമ്പത്തിന്റെ ഇരകളിൽ വിവിധ രാജ്യക്കാരായ നിരവധി പേർ ഉള്ളതായാണ് വിവരം. നിരവധി പേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നു. ഇടുങ്ങിയ തെരുവുകളിൽ ചിതറിക്കിടക്കുന്ന തകർന്ന കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിലൂടെ ദുരന്തസ്ഥലത്ത് എത്താൻ തന്നെ പ്രയാസമാണ്. രക്ഷാദൗത്യത്തെ മന്ദഗതിയിലാക്കുന്ന ഘടകമാണിത്. നാശനഷ്ടത്തിന്റെ വ്യാപ്തി സംബന്ധിച്ച് അടുത്ത ദിവസങ്ങളിലേ കൂടുതൽ വ്യക്തത ലഭിക്കൂ. വരുന്ന ഒക്ടോബറിൽ അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും വാർഷിക യോഗം നടത്താൻ നിശ്ചയിച്ചിരുന്നത് മറാകിഷിലാണ്.
ലോകം കൂടെയുണ്ട്, മൊറോകോ...
പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ ഭൂകമ്പ ദുരന്തങ്ങളിലൊന്നിൽ വിറങ്ങലിച്ച മൊറോക്കോക്ക് പിന്തുണയും സഹായ വാഗ്ദാനവുമായി ലോകം. സംഭവത്തിൽ വേദന പങ്കുവെച്ച ആഫ്രിക്കൻ യൂനിയൻ കമീഷൻ മേധാവി മൂസ ഫാകി മഹാമത്, സഹായ വാഗ്ദാനവും നൽകി. സ്ഥിതി നിരീക്ഷിക്കുകയാണെന്നും സഹായത്തിന് സന്നദ്ധമാണെന്നും യൂറോപ്യൻ യൂനിയൻ എമർജൻസി റെസ്പോൺസ് സെന്റർ വ്യക്തമാക്കി.
ന്യൂഡൽഹിയിൽ ജി20 ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിക്കുകയും സഹായസന്നദ്ധത വ്യക്തമാക്കുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ മൊറോക്കോയിൽ സന്നദ്ധ പ്രവർത്തകരെ വിന്യസിക്കാൻ സജ്ജമാണെന്ന് ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ്ക്രോസ് വക്താവ് ടൊമാസോ ഡെല്ല ലോംഗ അറിയിച്ചു. റെഡ് ക്രസന്റ് സൊസൈറ്റികളും അവശ്യവസ്തുക്കൾ എത്തിക്കാനും സന്നദ്ധ പ്രവർത്തകരെ അയക്കാനും തയാറായിട്ടുണ്ട്. അറബ്, ഗൾഫ് രാജ്യങ്ങളും സഹായവാഗ്ദാനം നൽകിയിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ വിദേശകാര്യമന്ത്രി അന്നലെന ബെയർബോക്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങി നിരവധി രാഷ്ട്രനേതാക്കൾ അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.