കിയവ്: മോസ്കോയിൽ യുക്രെയ്ൻ തൊടുത്ത ഡ്രോണുകൾ നാശം വിതച്ചതിന് പിന്നാലെ അതിർത്തിയോടു ചേർന്ന പ്രമുഖ എണ്ണ സംസ്കരണശാലയിലും വൻ ആക്രമണം. ബുധനാഴ്ചയാണ് റഷ്യയുടെ തെക്കൻ മേഖലയിലെ അഫിപ്സ്കി എണ്ണശാല ആക്രമിക്കപ്പെട്ടത്. വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ ആളപായമില്ല. കരിങ്കടൽ തീരത്തെ നൊവോറോസിസ്കിൽ ഇതിനു സമീപത്തുള്ള എണ്ണശാല മുമ്പ് പലതവണ ആക്രമിക്കപ്പെട്ടിരുന്നു. എന്നാൽ, അഫിപ്സ്കിയിൽ ആദ്യമായാണ് യുക്രെയിനിന്റേതെന്ന് കരുതുന്ന ഡ്രോണുകൾ നാശം വിതക്കുന്നത്. അഗ്നിബാധ അതിവേഗം അണച്ചതായും കൂടുതൽ നാശനഷ്ടങ്ങളില്ലെന്നും റഷ്യ അവകാശപ്പെട്ടു. സമീപത്തെ ഇൽസ്കി എണ്ണശാലയിലും ഡ്രോൺ ആക്രമണമുണ്ടായതായി റഷ്യൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം മോസ്കോ നഗരത്തിൽ ജനവാസ മേഖലയിൽ ഡ്രോൺ ആക്രമണം കനത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. അതിർത്തി മേഖലയായ ബെൽഗോർദിലും യുക്രെയ്ൻ ഡ്രോൺ ആക്രമണം തുടരുന്നുണ്ട്. യുക്രെയ്ൻ ആക്രമണം ശക്തമായതോടെ മേഖലകളിലെ താമസക്കാരെ ഒഴിപ്പിക്കാൻ റഷ്യ നടപടി തുടങ്ങി. കുട്ടികളെയാകും ആദ്യ ഘട്ടത്തിൽ ഒഴിപ്പിക്കുകയെന്നാണ് വിശദീകരണം.
അതിനിടെ, യുക്രെയിനിന്റെ പ്രധാന യുദ്ധക്കപ്പലുകളിൽ അവസാനത്തേതും ആക്രമണത്തിൽ തകർത്തതായി റഷ്യൻ അവകാശവാദം. ഒഡേസ തുറമുഖത്ത് നങ്കൂരമിട്ട യൂറി ഒലെഫിറെങ്കോ കപ്പലിനുനേരെയാണ് കഴിഞ്ഞ ദിവസം റഷ്യൻ വ്യോമസേന ആക്രമണം നടത്തിയത്. സൈനികരെയും സൈനിക വാഹനങ്ങളും വഹിക്കുന്ന കപ്പൽ ആക്രമണത്തിൽ തകർന്നെന്ന റഷ്യൻ വാദത്തെ കുറിച്ച് യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല. കിയവിലും റഷ്യൻ ആക്രമണം തുടരുകയാണ്.
മറ്റൊരു സംഭവത്തിൽ, ജർമനിയിലെ നാല് റഷ്യൻ കോൺസുലേറ്റുകൾ അടക്കാൻ നിർദേശം. മോസ്കോയിലെ ജർമൻ എംബസിയിൽ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താൻ കഴിഞ്ഞ ദിവസം റഷ്യ ഉത്തരവിട്ടിരുന്നു. പരമാവധി 350 ജീവനക്കാരെ മാത്രമേ രാജ്യത്ത് നിർത്താവൂ എന്നായിരുന്നു നിർദേശം. ഇതോടെ, മൂന്നു നഗരങ്ങളിൽ കോൺസുലേറ്റ് വരുംമാസങ്ങളിൽ അടച്ചുപൂട്ടാൻ ജർമനി നിർബന്ധിതമായി. ഇതിന് മറുപടി കൂടിയാണ് പുതിയ ജർമൻ നീക്കം.
റഷ്യക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ആർട്ടിക് സമുദ്രത്തിൽ നോർവേ, ബ്രിട്ടൻ, യു.എസ് രാജ്യങ്ങളുടെ സേനാംഗങ്ങൾ കൂടി എത്തി. ഫിൻലൻഡിന്റെ 6,500 സൈനികർക്കൊപ്പം ചേർന്നാണ് സംയുക്ത സൈനികാഭ്യാസം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.