മോസ്കോ: റഷ്യയെ നടുക്കിയ ഭീകരാക്രമണത്തിൽ 133 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് ആയുധധാരികൾ ആക്രമണം നടത്തിയത്. വലിയ ഹാളിൽ സംഗീത പരിപാടിക്കിടെ ആയുധധാരികൾ ആൾക്കൂട്ടത്തിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. എന്നാൽ യുക്രെയ്ന്റെ സഹായത്തോടെയാണ് ആക്രമണം നടന്നതെന്നും ഇതിനു വലിയ വിലനൽകേണ്ടി വരുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. അതേസമയം, ഈ ആരോപണം യുക്രെയ്ൻ നിഷേധിച്ചിട്ടുണ്ട്.
24 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് 133 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ചിലർ വെടിയേറ്റാണ് മരിച്ചത്. മറ്റു ചിലർ സ്ഫോടനത്തിലും. സംഗീത പരിപാടി നടന്ന ഹാളിൽ തോക്കുധാരി പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. 28 മൃതദേഹങ്ങൾ ഹാളിലെ ടോയ്‍ലറ്റിൽ നിന്നാണ് കണ്ടെടുത്തത്. 14 പേരുടേത് സ്റ്റെയർ കേസിൽ നിന്നും. ഗുരുതര പരിക്കേറ്റ 107 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണശേഷം പ്രതികൾ യുക്രെയ്നിലേക്കാണ് രക്ഷപ്പെടാൻ ശ്രമിച്ചതെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. യുക്രെയ്ൻ അധികൃതരുമായി ആയുധധാരി ബന്ധപ്പെട്ടിരുന്നുവെന്നും യുക്രെയ്ൻ അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.