ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് 59% ഇസ്രായേലി ജനത; ബന്ദി മോചന കരാറിന് പ്രാമുഖ്യം നൽകണമെന്ന് 68% പേർ

തെൽഅവീവ്: ഹമാസിനും ഗസ്സക്കും എതിരെ നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കണ​മെന്ന് 59% ഇസ്രായേൽ ജനതയും അഭിപ്രായ സർവേയിൽ ആവശ്യപ്പെട്ടതായി ഇസ്രായേൽ മാധ്യമമായ ജറൂസലം പോസ്റ്റ്. 33% പേർ ഈ ആവശ്യത്തെ എതിർത്തു. എട്ട് ശതമാനം പേർ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.


ബന്ദികളുടെ കുടുംബങ്ങൾ രൂപവത്കരിച്ച ഹോസ്റ്റേജ് ഫാമിലി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മിഡ്‌ഗാം പോളിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ അഭിപ്രായ സർവേയുടെ ഫലം ഇന്നാണ് പുറത്തുവിട്ടത്. ‘ബന്ദികളെ മോചിപ്പിക്കുന്നതിനാണോ ഹമാസിനെ നശിപ്പിക്കാ​നാണോ ഇസ്രായേൽ ഗവൺമെൻറ് ഇപ്പോൾ മുൻഗണന നൽകേണ്ടത്?’ എന്ന ചോദ്യത്തിന് 68% മറുപടി നൽകിയത് ബന്ദിമോചനം എന്നായിരുന്നു. 23% ശതമാനം പേരാണ് ഹമാസിനെ നശിപ്പിക്കാൻ മുൻഗണന നൽകണ​മെന്ന് ആവശ്യപ്പെട്ടത്. ബാക്കിയുള്ളവർ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.


ഹമാസിനെ ഇല്ലാതാക്കാൻ പ്രയത്നിക്കുന്നതിന് മുമ്പ് ബന്ദിമോചന കരാർ നടപ്പാക്കണമെന്ന് 52% പേർ അഭിപ്രായപ്പെട്ടു. എന്നാൽ, 35% പേർ ഹമാസിനെ ആദ്യം നശിപ്പിക്കണമെന്ന് പറഞ്ഞു. ബാക്കിയുള്ളവർ തീരുമാനം അറിയിച്ചിട്ടില്ല. ഇസ്രായേലിലെ ജൂത ജനസംഖ്യയെ പ്രതിനിധീകരിച്ച് 504 ഇസ്രായേലികളാണ് വോട്ടെടുപ്പിൽ പ​ങ്കെടുത്തതെന്ന് ഫാമിലി ഫോറം പറഞ്ഞു.

മേയിൽ നടന്ന വോട്ടെടുപ്പിൽ 46% പേരായിരുന്നു യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഹമാസിനെ ഇല്ലാതാക്കും മുമ്പ് ബന്ദി ഇടപാടിന് മുൻഗണന നൽകണമെന്ന് ജൂണിൽ 67% ഉം ജൂലൈയിൽ 72% ഉം പേർ ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - Most Israelis support hostage deal to end Gaza war, new poll shows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.