അമ്മാൻ: പ്രശസ്ത ഫലസ്തീൻ കവിയും നോവലിസ്റ്റുമായ മുരീദ് ബർഗൂസി ജോർഡൻ തലസ്ഥാനമായ അമ്മാനിൽ അന്തരിച്ചു. 76 വയസ്സായിരുന്നു. ഫലസ്തീൻ ജനതക്കുവേണ്ടി എഴുത്തിലൂടെ പോരാടിയ ബർഗൂസിയുടെ വിഖ്യാത ആത്മകഥാപരമായ നോവൽ 'റഅയ്തു റാമല്ല' (റാമല്ല ഞാൻ കണ്ടു) മലയാളമുൾപ്പെടെ വിവിധ ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
12 കവിതസമാഹാരങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നജീബ് മഹ്ഫൂസ് സാഹിത്യ അവാർഡ് ഉൾപ്പെടെ നേടിയ ബർഗൂസിയുടെ മിക്ക രചനകളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഈജിപ്ഷ്യൻ നോവലിസ്റ്റായ ഭാര്യ റദ്വ ആശൂറാണ്. ജീവിതത്തിെൻറ മുക്കാൽ ഭാഗവും രാജ്യഭ്രഷ്ടനായി കഴിയേണ്ടിവന്ന ബർഗൂസി, റാമല്ലക്ക് സമീപം ദാഇർ ഗസാന ഗ്രാമത്തിൽ 1944 ജൂലൈ എട്ടിനാണ് ജനിച്ചത്.
ഈജിപ്ത്, ജോർഡൻ, ഇറാഖ്, ലബനാൻ തുടങ്ങിയ രാജ്യങ്ങളിലായാണ് വലിയൊരു കാലയളവ് കഴിഞ്ഞത്. 1967ൽ അറബ്- ഇസ്രായേൽ യുദ്ധം നടക്കുേമ്പാൾ കൈറോയിൽ വിദ്യാർഥിയായിരുന്ന ബർഗൂസിക്ക്, 30 വർഷത്തേക്ക് ജന്മനാടായ റാമല്ലയിലേക്ക് മടങ്ങാനായില്ല. ഓസ്ലോ കരാർ നിലവിൽ വന്നതിനു ശേഷം 1996ൽ റാമല്ലയിലേക്ക് നടത്തിയ സന്ദർശനമാണ് 'റാമല്ല ഞാൻ കണ്ടു' നോവലിെൻറ പ്രചോദനം.
ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിൽ പി.എൽ.ഒയുടെ സാംസ്കാരിക അറ്റാഷെയായി സേവനമനുഷ്ഠിച്ചിരുന്നെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ സജീവമായിരുന്നില്ല. ഫലസ്തീൻ സാംസ്കാരിക മന്ത്രി ആതിഫ് അബൂ സൈഫ് നിര്യാണത്തിൽ അനുശോചിച്ചു. അറബ് കവി തമീം ബർഗൂസി മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.