ബാഗ്ദാദ്: ഹിജ്റ 60ൽ ഉമയ്യദ് (ഉമവി) കാലഘട്ടത്തിൽ നിർമിച്ച മണ്ണ് കൊണ്ടുള്ള മസ്ജിദ് കണ്ടെത്തി. ഇറാഖ് പുരാവസ്തു വകുപ്പ് ബ്രിട്ടീഷ് മ്യൂസിയം ഉത്ഖനന സംഘത്തിന്‍റെ സഹായത്തോടെ നടത്തിയ ദൗത്യത്തിലാണ് ഇറാഖിലെ ദീ ഖർ ഗവർണറേറ്റിൽ പള്ളി കണ്ടെത്തിയത്.
പുരാവസ്തുക്കളാൽ സമ്പന്നമായ ദീ ഖറിൽ മുമ്പും ധാരാളം ചരിത്ര സ്മാരകങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ അൽ-റഫായി പട്ടണത്തിൽ കണ്ടെത്തിയ മസ്ജിദ് ജനവാസ കേന്ദ്രത്തിന്‍റെ മധ്യത്തിലായാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം എട്ട് മീറ്റർ വീതിയും അഞ്ച് മീറ്റർ നീളവുമുണ്ട്. നടുവിൽ ഇമാമിന് നിൽക്കാനുള്ള മിഹ്റാബും ഉണ്ട്. 25 പേരെ ഉൾക്കൊള്ളാനാവുന്നതാണ് മസ്ജിദ്.
പ്രവാചകൻ മുഹമ്മദ് നബിയുടെ കാലഘട്ടത്തിന് തൊട്ടുടനെ നിർമിച്ച ഈ മസ്ജിദ് കണ്ടെത്തിയത് ഏറ്റവും പ്രധാനപ്പെട്ടതും മഹത്തായതുമായ കണ്ടെത്തലുകളിൽ ഒന്നാണെന്ന് ഉത്ഖനന വകുപ്പിന്‍റെ തലവൻ അലി ഷാൽഗാം വിശേഷിപ്പിച്ചു. ഹിജ്റ 60ൽ (ക്രിസ്തുവർഷം 679) പൂർണമായും ചെളി കൊണ്ട് നിർമിച്ചതാണ് മസ്ജിദ്.
ഉമയ്യദ് കാലഘട്ടത്തിലെ തന്നെ പുരാവസ്തുക്കളും മതകേന്ദ്രങ്ങളും കണ്ടെത്തിയിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. "ഞങ്ങൾക്ക് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഉപരിതലത്തിനോട് ചേർന്നാണ് ഇപ്പോഴുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വെള്ളം, കാറ്റ്, മഴ തുടങ്ങി പ്രകൃത്യാലുള്ള മണ്ണൊലിപ്പും മറ്റും കാരണം കെട്ടിടത്തിന്‍റെ ഏതാനും ഭാഗങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ" -ഷാൽഗാം ഇറാഖി വാർത്താ ഏജൻസിയോട് പറഞ്ഞു.
പുരാതന മെസൊപ്പൊട്ടേമിയയിലെ സുമേറിയൻ നഗരമായ ഊർ ഉൾപ്പെടെ പുരാവസ്തുക്കളുടെ ഒരു വലിയ ഭാഗമാണ് ദീ ഖർ ഗവർണറേറ്റ്. കഴിഞ്ഞ വർഷം ഇറാഖ് സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപാപ്പ ഊറിൽ പര്യടനം നടത്തിയിരുന്നു.
വിദേശ ദൗത്യസംഘങ്ങളടക്കം ഇവിടെ പര്യവേക്ഷണത്തിൽ ഏർപ്പെടുന്നുണ്ട്. റഷ്യൻ-ഇറാഖി പുരാവസ്തു ഗവേഷക സംഘം ഈ വർഷം ആദ്യം ഏകദേശം 4,000 വർഷം പഴക്കമുള്ള പുരാതന വാസസ്ഥലം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.