അങ്കാറ: തുർക്കിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ, നാല് സ്ഥാനാർഥികളിലൊരാളായ മുഹറം ഇൻസെ നാടകീയമായി പിന്മാറ്റം പ്രഖ്യാപിച്ചു. ഞായറാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നതിനാൽ പിന്മാറണമെന്ന് ഇദ്ദേഹത്തിന് മേൽ കടുത്ത സമ്മർദമുണ്ടായിരുന്നു.
അതേസമയം, വ്യാജ അശ്ലീല വീഡിയോ ആണ് പിന്മാറ്റത്തിന് കാരണമായി അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ 45 ദിവസമായി തനിക്കെതിരെ അപവാദ പ്രചാരണവും വ്യക്തിഹത്യയും നടക്കുകയായിരുന്നുവെന്ന് പിന്മാറ്റം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തെന്റ അന്തസ്സ് സംരക്ഷിക്കാൻ തുർക്കിയ അധികൃതർക്ക് കഴിഞ്ഞില്ല. ഒരു ഇസ്രായേലി അശ്ലീല വെബ്സൈറ്റിൽനിന്ന് എടുത്ത വിഡിയോയിൽ തെന്റ മുഖം ചേർത്ത് എതിരാളികൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം പരാജയപ്പെട്ടാൽ തെന്റ മേൽ കുറ്റം ചുമത്തപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഹറം ഇൻസെയുടെ പിന്മാറ്റം പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാെന്റ മുഖ്യ എതിരാളിയായ കെമാൽ കിലിക്ദരോഗ് ലുവിന് പ്രതീക്ഷ നൽകുന്നതാണ്. പിന്മാറ്റ വാർത്തയെത്തുടർന്ന് തുർക്കിയ ഓഹരിവിപണിയിൽ മുന്നേറ്റം രേഖപ്പെടുത്തി. 74കാരനായ കെമാൽ കിലിക്ദരോഗ് ലു ആറ് പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തെ നയിച്ചാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പിൽ ഇദ്ദേഹത്തിന് 49 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പറയുന്നത്. ചെറിയ ശതമാനം വോട്ട് മാത്രമാണ് ഇൻസെക്ക് ലഭിക്കാൻ സാധ്യതയെങ്കിലും, ഇദ്ദേഹം പിന്മാറുന്നതു വഴി കെമാൽ കിലിക്ദരോഗ് ലുവിന് ജയിക്കാനാവശ്യമായ 50 ശതമാനത്തിലധികം വോട്ട് ലഭിക്കുമെന്നാണ് പ്രതിപക്ഷ പ്രതീക്ഷ. ആർക്കും 50 ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ രണ്ടാഴ്ച കഴിഞ്ഞ് റൺ ഓഫ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.