സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്ററിന് മോഹവില പറഞ്ഞ ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന്റെ പുതിയ വെളിപ്പെടുത്തലിന് പിറകെയാണ് ഇപ്പോൾ നെറ്റിസൺസ്. ട്വിറ്റർ വാങ്ങാനായില്ലെങ്കിൽ പ്ലാൻ 'ബി' ഉണ്ടെന്നാണ് മസ്കിന്റെ വെളിപ്പെടുത്തൽ.
41 ദശലക്ഷം ഡോളറിന് (3.13 ലക്ഷം കോടി ഇന്ത്യൻ രൂപ) ട്വിറ്റർ വാങ്ങാനാണ് കഴിഞ്ഞ ദിവസം ഇലോൺ മസ്ക് സന്നദ്ധത അറിയിച്ചത്. ജനുവരി 31 മുതൽ ദിനേന ട്വിറ്ററിന്റെ ഓഹരികൾ താൻ വാങ്ങുന്നുണ്ടെന്നും മസ്ക് വ്യക്തമാക്കിയിരുന്നു. ഒമ്പതു ശതമാനത്തിനു മുകളിൽ ഓഹരി കൈവശമുള്ള ഇലോൺ മസ്ക് ട്വിറ്ററിന്റെ ഡയറക്ടർ ബോർഡിൽ അംഗമാകാനില്ലെന്ന് പ്രഖ്യാപിച്ച ശേഷമാണ് കമ്പനിക്കാകെ വില പറഞ്ഞത്.
ലോകമെങ്ങുമുള്ള സ്വതന്ത്ര സംവാദങ്ങൾക്ക് ട്വിറ്ററിനെ വേദിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്വിറ്ററിനെ ഏറ്റെടുക്കുന്നത് പണമുണ്ടാക്കാനല്ലെന്നും മനുഷ്യ നാഗരികതയുടെ ഭാവിക്ക് അതിനെ ഒരു മുതൽക്കൂട്ടാക്കാനാണെന്നുമാണ് കഴിഞ്ഞ ദിവസം അദ്ദേഹം പ്രഖ്യാപിച്ചത്.
എന്നാൽ, മസ്കിന്റെ വാഗ്ദാനത്തോട് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ വാൻഗാർഡ് ഗ്രൂപ്പിനാണ് ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഓഹരിയുള്ളത്.
ട്വിറ്റർ വാങ്ങാനായില്ലെങ്കിൽ എന്താണ് അടുത്ത പരിപാടിയെന്ന ചോദ്യത്തോട് പ്രതികരിച്ചപ്പോഴാണ് 'ഐഡിയകൾ' പലതുമുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ, ഇതു സംബന്ധിച്ച് വിശദമാക്കാൻ അദ്ദേഹം തയാറായതുമില്ല. കുറച്ചുകൂടി കാത്തിരിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുതിയ ആശയങ്ങൾക്കൊണ്ട് എല്ലാവരെയും എപ്പോഴും ഞെട്ടിക്കുന്ന മസ്കിന്റെ പുതിയ പദ്ധതികൾ എന്തൊക്കെയാകുമെന്ന ചർച്ചയിലാണ് ഇപ്പോൾ നെറ്റിസൺസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.