ലണ്ടൻ: പട്ടാള അട്ടിമറിയെ വിമർശിച്ചിരുന്ന ബ്രിട്ടനിലെ മ്യാന്മർ അംബാസഡറെ സൈന്യം പുറത്താക്കി. ലണ്ടനിലെ എംബസിയിൽ ജോലിക്കെത്തിയ കിയോ സവാർ മിന്നിനെയാണ്, സൈനിക ഭരണകൂട അനുകൂലികളായ സഹപ്രവർത്തകർ അകത്തേക്ക് കയറാൻ അനുവദിക്കാതിരുന്നത്. മ്യാന്മറിലെ ഭരണം പിടിച്ചെടുത്ത സൈനിക ഭരണകൂടത്തിെൻറ നിർദേശപ്രകാരമാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് സൂചന. ബ്രിട്ടനിൽ പുതിയ അംബാസഡറെ നിയോഗിച്ചുവെന്നാണ് സഹപ്രവർത്തകർ കിയോ സവാർ മിന്നിനെ അറിയിച്ചത്. ജനാധിപത്യം അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യം മ്യാന്മർ നേതാവ് ഓങ് സാൻ സൂചിയെ തടവിലാക്കിയതിൽ മിൻ പ്രതിഷേധം അറിയിച്ചിരുന്നു. സൂചിയെ ഉടൻ വിട്ടയക്കണമെന്നും അംബാസഡർ പ്രസ്താവന ഇറക്കിയിരുന്നു. ഇതോടെയാണ് പട്ടാള ഭരണകൂടത്തിെൻറ കരടായി മിൻ മാറിയത്.
''സ്ഥാപനത്തിന് അകത്തു കയറാൻ അവർ സമ്മതിച്ചില്ല. രാജ്യ തലസ്ഥാനമായ നയ്പിഡാവിൽനിന്ന് ഉത്തരവിറങ്ങിയതിനാലാണ് ഇറക്കിവിടുന്നതെന്നാണ് അവർ പറഞ്ഞത്. കഴിഞ്ഞദിവസം രാത്രി കിടന്നുറങ്ങിയത് കാറിലാണ്'' - മിൻ ഡെയ്ലി ടെലഗ്രാഫിനോട് പറഞ്ഞു.
മ്യാന്മർ സൈന്യത്തിെൻറ നടപടിയിൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അപലപിച്ചു. എന്നാൽ, സൈന്യം നിയോഗിക്കുന്ന പുതിയ അംബാസഡറെ ബ്രിട്ടൻ അംഗീകരിക്കുമോയെന്ന് വ്യക്തമായിട്ടില്ല. പുതിയ അംബാസഡറെ തിരിച്ചയക്കണമെന്ന് മിൻ ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാർത്ത പുറത്തുവന്നതിനു പിന്നാലെ മ്യാന്മർ പട്ടാളഭരണകൂടത്തിനെതിരെ ആളുകൾ എംബസിക്കു മുന്നിൽ തടിച്ചുകൂടി. ഫെബ്രുവരി ഒന്നിനുണ്ടായ പട്ടാള അട്ടിമറിയിലാണ് ഏറെ കാലത്തിനു ശേഷം ജനാധിപത്യത്തിലേക്ക് തിരിച്ചുവന്ന മ്യാന്മർ വീണ്ടും കലുഷിതമായത്. സൂചിയടക്കം മൂവായിരത്തിലേറെപ്പേർ സൈന്യത്തിെൻറ തടവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.