യാംഗോൺ: മ്യാന്മറിൽ ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ച് ഭരണം പിടിച്ച സൈന്യം സാധാരണക്കാർക്കു നേരെ നടത്തുന്നത് അതിക്രൂരമായ അക്രമങ്ങളെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഫോർട്ടിഫൈ റൈറ്റ്സ്. സൈന്യത്തിന്റെ അതിക്രമങ്ങളെ യുദ്ധകുറ്റമായി കണക്കാക്കണമെന്നും ഫോർട്ടിഫൈ റൈറ്റ്സ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
സൈന്യത്തിന് ഏറ്റവും കൂടുതൽ ചെറുത്തുനിൽപ് നേരിടേണ്ടി വന്ന കെരന്നി സംസ്ഥാനത്താണ് അതിക്രമങ്ങളേറെയും. ഇവിടെ സൈന്യം സാധാരണക്കാരെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് മനുഷ്യകവചമാക്കുകയാണ്.
വീടുകളിലും ക്രിസ്ത്യൻ പള്ളികളിലും നടത്തിയ ആക്രമണത്തിലൂടെ കൂട്ടക്കൊലയാണ് സൈന്യം നടത്തുന്നത്. അടുത്തിടെ നടന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും മനുഷ്യാവകാശ പ്രവർത്തകരും അടക്കം 40 പേർ കൊല്ലപ്പെട്ടിരുന്നു. ജനാധിപത്യ സർക്കാർ അസ്തമിച്ച് ഒരു വർഷം പിന്നിടുമ്പോൾ അതിക്രമങ്ങൾ തുടരുകയാണെന്നും ഫോർട്ടിഫൈ റൈറ്റ്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കെരന്നി സംസ്ഥാനത്തെ ഇരകളുമായും ദൃക്സാക്ഷികളുമായും നടത്തിയ 30ൽ അധികം അഭിമുഖത്തിൽനിന്നും വിവിധ പ്രദേശങ്ങളിൽ നടത്തിയ സന്ദർശനങ്ങളിൽനിന്നുമാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. സൈനിക അതിക്രമങ്ങൾ മൂലം കഴിഞ്ഞ ഒരു വർഷത്തിനിടെ ഒന്നേമുക്കാൽ ലക്ഷം പേർക്കാണ് കെരന്നി സംസ്ഥാനത്തുനിന്ന് നാടുവിടേണ്ടി വന്നത്.
91,000 പേർ ഇവിടെ ഭവന രഹിതരായെന്നാണ് യു.എൻ കണക്ക്. സംസ്ഥാനത്ത് സൈനിക അതിക്രമങ്ങളുടെ രൂക്ഷത കുറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, വരും നാളുകളിലും വലിയ തോതിൽ ഭക്ഷ്യക്ഷാമമായിരിക്കും ആ ജനത നേരിടാൻ പോകുന്നതെന്നും ഫോർട്ടിഫൈ റൈറ്റ്സ് മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.