ബെയ്ജിങ്: ക്വിൻ ഗാങ്ങിനെ പുറത്താക്കി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വാങ് യിയെ വിദേശ കാര്യമന്ത്രിയായി നിയമിച്ചു. മുൻ വിദേശകാര്യമന്ത്രി കൂടിയാണ് വാങ്. ഇതോടെ വാങ് യി ചൈനയിലെ ഏറ്റവും അധികാരമുള്ള നയതന്ത്ര പ്രതിനിധിയായി മാറി. വാങ് യിയുമായി നിരവധി വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം പുലർത്തുന്ന ക്വിന്നിനെ പുറത്താക്കിയതു മുതൽ ഒരുപാട് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ചിലർ പറഞ്ഞത് ക്വിന്നിന്റെ വിവാഹേതര ബന്ധമാണ് പുറത്താക്കലിന് പിന്നിലെന്നാണ്. ഒരിക്കൽ ഷി ജിൻപിങ്ങിന്റെ വിശ്വസ്തനായിരുന്ന ക്വിൻ പിന്നീട് അനഭിമതനായി മാറുകയായിരുന്നു.
വിദേശകാര്യ മന്ത്രിയായി ചുമതലയേട്ട് ആറുമാസം പിന്നിടും മുമ്പാണ് അദ്ദേഹം പുറത്തായത്. ഭരണനേതൃത്വത്തിലെ കിടമത്സരമാണു മറനീക്കിയതെന്ന വിലയിരുത്തലുമുണ്ട്. കാര്യങ്ങള്‍ തുറന്നടിച്ചുപറയുന്ന ശീലവും വിനയായെന്നു പറയുന്നു.
കഴിഞ്ഞ ഒരുമാസമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല ക്വിൻ. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉദിച്ചുയരുന്ന താരം കൂടിയായ ക്വിന്‍ ഗാങ് (57) ഇപ്പോൾ എവിടെ എന്ന ചോദ്യത്തിനും ഉത്തരം കിട്ടിയില്ല. ക്വിന്‍ ഗാങ്ങിനെ നീക്കുകയും വാങ് യിയെ വിദേശകാര്യമന്ത്രിയായി നിയമിക്കുകയും ചെയ്തു എന്നു മാത്രമാണു ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്ഥിരം സമിതിയുടേതാണു തീരുമാനം.
യു.എസില്‍ അംബാസഡര്‍ ആയിരുന്ന ക്വിന്‍ കഴിഞ്ഞ ഡിസംബറിലാണ് വിദേശകാര്യമന്ത്രിയായത്. ചുമതലയേറ്റശേഷം ആദ്യം പോയതു ഡല്‍ഹിയില്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു. ജൂണ്‍ 25ന് ആണ് അവസാനം പുറത്തുകണ്ടത്. നയതന്ത്ര പ്രതിനിധികളുടെ യോഗത്തില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം ‘ആരോഗ്യപരമായ കാരണങ്ങളാല്‍’ എന്ന് ഔദ്യോഗിക വിശദീകരണമുണ്ടായി. പിന്നാലെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് അദ്ദേഹത്തിന്റെ വിവരങ്ങളും അപ്രത്യക്ഷമായി. അതേസമയം, ചൈനയില്‍ ഇത്തരം അപ്രത്യക്ഷമാകല്‍ പുതുമയല്ല.
തായ്‍വാൻ അടക്കമുള്ള പ്രശ്‌നത്തില്‍ കലഹം തുടരുന്ന യു.എസും ചൈനയും തമ്മിലുള്ള ബന്ധം ക്വിന്‍ വന്നതോടെ മെച്ചപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം ബെയ്ജിങ്ങിലെത്തി ചര്‍ച്ച നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.