അന്തർജല ആണവായുധ ഡ്രോൺ പരീക്ഷിച്ച് ഉത്തര കൊറിയ

പ്യോങ് യാങ്: യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയുടെ സംയുക്ത നാവിക അഭ്യാസത്തിന് മറുപടിയായി ‘അന്തർജല ആണവായുധ സംവിധാനം’ പരീക്ഷിച്ചതായി ഉത്തര കൊറിയ. ‘ഹെയ്ൽ 5-23’ എന്നുപേരിട്ട വെള്ളത്തിനടിയിലൂടെ പോകുന്ന, ആണവായുധ ശേഷിയുള്ള ഡ്രോൺ ഉപയോഗിച്ച് റേഡിയോ ആക്ടിവ് സൂനാമി സൃഷ്ടിച്ച് നാവികസേനാ സംഘങ്ങളെയും തുറമുഖങ്ങളെയും തകർക്കാൻ കഴിയുമെന്നും ഉത്തര കൊറിയ അവകാശപ്പെടുന്നു.

സമുദ്രത്തിലൂടെ സഞ്ചരിച്ച് 1000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽ ആക്രമണം നടത്താൻ കഴിയുമെന്നാണ് അവകാശവാദം. ഇതിന്റെ ആദ്യ എഡിഷനുകൾ കഴിഞ്ഞ വർഷമാണ് പരീക്ഷിച്ചത്. കൊറിയൻ ഭാഷയിൽ സൂനാമി എന്നാണ് ‘ഹെയ്ൽ’ എന്ന വാക്കിന്റെ അർഥം. കഴിഞ്ഞ ഞായറാഴ്ച ഉത്തര കൊറിയ ഹൈപ്പർസോണിക് മിസൈൽ വിക്ഷേപിച്ചതിന് മറുപടിയായി തൊട്ടടുത്ത ദിവസം തന്നെ കൊറിയൻ കടലിലെ ജെജു ദ്വീപിനുസമീപം ഈയാഴ്ച ആദ്യം യു.എസും ജപ്പാനും സംയുക്ത നാവിക അഭ്യാസം നടത്തിയിരുന്നു.

അമേരിക്കയുടെ യു.എസ്.എസ് കാൾ വിൻസൺ വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിൽനിന്നുള്ള ഒമ്പത് യുദ്ധക്കപ്പലുകളാണ് പരിശീലനത്തിൽ പങ്കെടുത്തത്. ആയുധ പരീക്ഷണവും പരിശീലനവും പോർവിളിയുമായി രാഷ്ട്ര നേതാക്കൾ കളംനിറയുമ്പോൾ കൊറിയൻ മേഖലയിൽ യുദ്ധഭീതി കനക്കുകയാണ്. ദക്ഷിണ കൊറിയ പ്രധാനശത്രുവാണെന്ന് പ്രഖ്യാപിച്ച ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ഐക്യശ്രമങ്ങൾ ഇനിയുണ്ടാവില്ലെന്നും നേരിയ കടന്നുകയറ്റം പോലും പൂർണ യുദ്ധത്തിൽ എത്തുമെന്നും വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - N Korea conducts 'underwater nuclear weapons system' test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.