കാഠ്മണ്ഡു: കുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭരാജിനെ 24 മണിക്കൂറിനകം മോചിപ്പിക്കാൻ നേപ്പാൾ സുപ്രീം കോടതി ഉത്തവിട്ടെങ്കിലും മോചിപ്പിക്കാൻ കഴിയില്ലെന്ന് ജയിലധികൃതർ. കൊടും കുറ്റവാളിയെ പുറത്തുവിടാനുള്ള സുപ്രീം കോടതി ഉത്തരവ് അടിസ്ഥാനമില്ലാത്തതാണെന്ന് ജയിലധികൃതർ വ്യക്തമാക്കി. കോടതിയും ജയിലധികൃതരും വിരുദ്ധ നിലാപാടിൽ നിൽക്കുമ്പോൾ ചർച്ചയാകുന്നത് ശോഭരാജിന്റെ കൊടുംക്രൂരതകളുടെ കഥകളാണ്. തായ്ലന്ഡില് നടത്തിയ 14 കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 20ലേറെ കൊലപാതകങ്ങള്‍ ഇയാൾ നടത്തിയതായാണ് കരുതുന്നത്.
ബിക്കിനി കില്ലര്‍, സ്ലിറ്റിങ് കില്ലര്‍, സെര്‍പന്റ് എന്നീ അപരനാമങ്ങള്‍ ശോഭരാജിനുണ്ടായിരുന്നു. പല രാജ്യങ്ങളില്‍ യാത്രചെയ്ത് പല ഭാഷകളിൽ പ്രാവീണ്യം നേടിയ ചാൾസ് വിവിധ രാജ്യങ്ങളിൽ ജയിൽ ചാടി. ‘ദ സെർപെന്റ്’ എന്ന നെറ്റ്ഫ്ലിക്സ് പരമ്പര ചാൾസ് ശോഭരാജിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ക്രൂരമായി കൊല ചെയ്യുന്നതിനാലാണ് സെർപന്റ് കില്ലർ എന്ന പേര് വീണത്. കൊടുംകുറ്റവാളിയായിരുന്നിട്ടും ലോകത്തെമ്പാടും ചാള്‍സ് ശോഭരാജിന് വീരപരിവേഷം ലഭിച്ചിരുന്നു. നാലു ജീവചരിത്രങ്ങള്‍, മൂന്നു ഡോക്യുമെന്ററികള്‍, സിനിമ, ഡ്രാമ സീരീസ് എന്നിവക്ക് ശോഭരാജിന്റെ ജീവിതകഥ അടിസ്ഥാനമായി. ചാള്‍സ് ഗുരുമുഖ് ശോഭരാജ് ഹോത്ചന്ദ് ഭാവ്നാനി എന്ന പരമ്പര കൊലയാളിയുടെ ഇരകള്‍ ഹിപ്പി സംസ്കാരം പിന്തുടരുന്ന പടിഞ്ഞാറന്‍ വിനോദസഞ്ചാരികളായിരുന്നു. രണ്ടു വടക്കൻ അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിൽ 2003 മുതൽ നേപ്പാളിൽ ജയിലിലുള്ള 78കാരനായ ചാൾസിനെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി മോചിപ്പിക്കാൻ ഉത്തരവിട്ടത്. 1944ൽ വിയറ്റ്നാമിലെ സൈഗോണിൽ ഇന്ത്യക്കാരനായ പിതാവിന്റെയും വിയറ്റ്നാമുകാരിയായ മാതാവിന്റെയും മകനായായിരുന്നു ശോഭരാജിന്റെ ജനനം.
സൈഗോണിലെ തെരുവുകളിലായിരുന്നു ബാല്യകാലം. മാതാവ് ഫ്രഞ്ച് ആർമി ഓഫിസറെ വിവാഹം കഴിച്ചതോടെ പാരിസിലേക്ക് കൂടുമാറി. അവിടത്തെ ബോർഡിങ് സ്കൂളിൽനിന്ന് പുറത്തിറങ്ങിയശേഷമാണ് കുറ്റകൃത്യങ്ങൾ ആരംഭിച്ചത്. കൗമാരകാലത്തുതന്നെ ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്തുതുടങ്ങിയ ചാൾസ് 19ാം വയസ്സിൽ ഭവനഭേദനത്തിന് ജയിലിലായി. അവിടന്നാണ് അധോലോകത്തിൽ ആകൃഷ്ടനാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.