ജറൂസലം: ഈമാസം ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രിമാർ. ഇസ്രായേൽ ചരിത്രത്തിലെ വൻ തോൽവിയാണിതെന്നാണ് വിമർശനം. ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന് അമേരിക്കൻ പത്രമായ പൊളിറ്റികോയുമായുള്ള അഭിമുഖത്തിൽ മുൻ പ്രധാനമന്ത്രി യഹൂദ് ഓൾമെർട്ട് പറഞ്ഞു. ഹമാസിനെതിരെ അന്താരാഷ്ട്രസമൂഹം ഒന്നിക്കുമെന്നാണ് കരുതുന്നത്. ഇതോടെ ഗൗരവമായ സന്ധിസംഭാഷണങ്ങൾ ആരംഭിക്കാൻ ഫലസ്തീൻ അതോറിറ്റിയെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് സഹകരണം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹമാസിന്റെ ആക്രമണസാധ്യതയെക്കുറിച്ച് ഇസ്രായേൽ ഇന്റലിജൻസ് ഒന്നിലധികം തവണ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അദ്ദേഹത്തിന് അഹങ്കാരമായിരുന്നുവെന്ന് ഓൾമെർട്ട് സ്കൈ ന്യൂസിനോട് പറഞ്ഞു.
ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിന് നെതന്യാഹുവിനെ ‘ഫ്രാൻസ് 24’ന് നൽകിയ അഭിമുഖത്തിൽ മുൻ പ്രധാനമന്ത്രി യഹൂദ് ബരാക് കുറ്റപ്പെടുത്തി. ജനങ്ങൾക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും യുദ്ധപ്പടയാളികൾക്കും നെതന്യാഹുവിനെ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് ഇസ്രായേലികളെ കൊല്ലുകയും പരിക്കേൽപിക്കുകയും ചെയ്ത ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം നെതന്യാഹു രാഷ്ട്രീയവും സുരക്ഷാപരവുമായി പരാജയമാണെന്ന് തെളിഞ്ഞതായി ഇസ്രായേലിലെ ഏറ്റവും പ്രചാരമുള്ള പത്രമായ ഹാരെറ്റ്സിന്റെ മുഖപ്രസംഗത്തിൽ ആരോപിച്ചു.
തങ്ങളുടെ അസ്തിത്വത്തെയും അവകാശങ്ങളെയും പരസ്യമായി അവഗണിച്ച വിദേശനയം ഇസ്രായേൽ സ്വീകരിക്കുന്നത് തിരിച്ചടിക്കാൻ ഫലസ്തീനികളെ പ്രേരിപ്പിച്ചതായി ഹാരെറ്റ്സ് അഭിപ്രായപ്പെട്ടു. അതേസമയം, ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന ആരോപണം പ്രധാനമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.