വാഷിങ്ടൺ: ഇസ്രായേലിനു മധ്യത്തിൽ 23 ലക്ഷം ഫലസ്തീനികൾ വസിക്കുന്ന ഗസ്സ മുനമ്പ് യുദ്ധത്തിനുശേഷം സൈനികമുക്തമാക്കുമെന്ന് മാത്രമല്ല, തങ്ങളുടേതാകുമെന്നും പ്രഖ്യാപിച്ച് ബിന്യമിൻ നെതന്യാഹു. മേഖല പൂർണമായി ഇസ്രായേൽ സൈനിക നിയന്ത്രണത്തിലാക്കാനുള്ള നീക്കം അറബ് രാജ്യങ്ങൾ മാത്രമല്ല, യു.എസും അംഗീകരിക്കില്ലെന്നുറപ്പ്. ഗസ്സയിലെ 23 ലക്ഷം പേരെയും ഗസ്സയിലെ സീനായ് മരുഭൂമിയിൽ പ്രത്യേക സുരക്ഷിത മേഖലയുണ്ടാക്കി പുറന്തള്ളാൻ ഇസ്രായേൽ നീക്കം തകൃതിയാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിന്റെ ഭാഗമായി താമസകേന്ദ്രങ്ങൾ മാത്രമല്ല, ആശുപത്രികൾ, സ്കൂളുകൾ എന്നിവയെല്ലാം നാമാവശേഷമാക്കുകയാണ് ലക്ഷ്യം.
വടക്കൻ ഗസ്സയിൽ നിരത്തുകളിലേറെയും ഇതിനകം ഇസ്രായേൽ തകർത്തുകഴിഞ്ഞു. സമാന നീക്കം മധ്യ, ദക്ഷിണ ഗസ്സ മേഖലകളിലും പൂർത്തിയാക്കുകയാണ് ലക്ഷ്യം. എന്നാൽ, എന്തു വിലകൊടുത്തും ഗസ്സയിൽ തുടരുമെന്ന് ഫലസ്തീനികൾ പറയുന്നു. ഫലസ്തീനാണ് പിറന്ന നാടെന്നും ആട്ടിപ്പായിക്കാനുള്ള ഏതു നീക്കവും അംഗീകരിക്കില്ലെന്നും ഫലസ്തീനി സംഘടനകൾ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. 1948ലെ അൽനഖ്ബക്ക് സമാനമായി ഫലസ്തീനികളുടെ കൂട്ട പലായനത്തിന് വഴിയൊരുക്കുകയാണ് നെതന്യാഹുവും സൈന്യവും നിലവിൽ പിന്തുടരുന്ന യുദ്ധനയം.
വടക്കൻ ഗസ്സ യുദ്ധമേഖലയാണെന്നും നാടുവിടണമെന്നും ഉത്തരവിട്ട് 10 ലക്ഷം ഫലസ്തീനികളെ ആട്ടിപ്പായിച്ച ഇസ്രായേൽ സേനയിപ്പോൾ സമാന നീക്കം ദക്ഷിണ ഗസ്സയിലും വ്യാപിപ്പിച്ചതോടെ ലക്ഷങ്ങൾ ഓടിപ്പോകാൻ ഇടമില്ലാത്ത ആധിയിലാണ്. ദക്ഷിണ ഗസ്സയിൽ അൽമവാസിയെന്ന ഒരു വിമാനത്താവളത്തിന്റെ മാത്രം വലിപ്പമുള്ള ഇടം മാത്രമാണ് സുരക്ഷിത കേന്ദ്രമായി നിലവിൽ ഇസ്രായേൽ അംഗീകരിച്ചിട്ടുള്ളത്. ഇവിടം 18 ലക്ഷം പേർ എങ്ങനെ ഞെരുങ്ങിക്കഴിയുമെന്നാണ് ഫലസ്തീനികൾ ചോദിക്കുന്നത്.
ഗസ്സ മുനമ്പ് ഫലസ്തീന് നഷ്ടമാകില്ലെന്നും ഇസ്രായേൽ അധിനിവേശം അംഗീകരിക്കില്ലെന്നും നേരത്തേ യു.എസ് വ്യക്തമാക്കിയിരുന്നു. ഇസ്രായേലിനെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി വെസ്റ്റ് ബാങ്കിൽ അക്രമം നടത്തുന്ന കുടിയേറ്റക്കാർക്ക് ചൊവ്വാഴ്ച വിസ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സിവിലിയൻ കുരുതി അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ആവശ്യപ്പെട്ടതും ഇതിന്റെ ഭാഗമാണ്.
എന്നാൽ, ഡെമോക്രാറ്റ് കക്ഷിക്കകത്തുപോലും കടുത്ത സമ്മർദമുയർന്നാലും ഇസ്രായേലിന് നൽകിവരുന്ന നിരുപാധിക പിന്തുണയിൽ കാര്യമായ മാറ്റംവരുത്താൻ ബൈഡൻ തയാറാകില്ലെന്നതാണ് നെതന്യാഹുവിന്റെ പ്രതീക്ഷ. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഫണ്ട് സ്വരൂപണ യോഗങ്ങളിൽ കാര്യമായി ഹമാസ് ക്രൂരതകളാണ് ബൈഡൻ കഴിഞ്ഞദിവസവും നിരത്തിയതെന്നതും സവിശേഷ ശ്രദ്ധയർഹിക്കുന്നതാണ്. ഗസ്സയെ സൈനികമുക്ത മേഖലയായി മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.