ഇസ്രായേൽ വിരുദ്ധ നിലപാട്: പുടിനെ ഫോൺ വിളിച്ച് അതൃപ്തി പ്രകടിപ്പിച്ച് നെതന്യാഹു

മോസ്കോ: യു.എന്നിലും മറ്റും ഇസ്രായേലിനെതിരെ റഷ്യ സ്വീകരിക്കുന്ന നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു റഷ്യൻ പ്രസിഡന്റ് പുടിനെ ഫോൺ വിളിച്ചു. തങ്ങൾ അനുഭവിച്ചതുപോലെ ക്രിമിനൽ ഭീകരാക്രമണം നേരിടുന്ന ഏത് രാജ്യവും ഇസ്രായേൽ ചെയ്യുന്നത് പോലെ തന്നെയാകും ചെയ്യുകയെന്ന് നെതന്യാഹു പറഞ്ഞു. റഷ്യയും ഇറാനും തമ്മിലുള്ള സഹകരണത്തെയും ശക്തമായി വിമർശിച്ചതായി നെതന്യാഹുവിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി ഇസ്രായേൽ ഗസ്സയിൽ ഫലസ്തീൻ ജനതയെ കൂട്ടത്താടെ ശിക്ഷിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് റഷ്യൻ ധനമന്ത്രി സെർജി ലാവ്‌റോവ് അഭിപ്രായപ്പെട്ടു. ഗസ്സയിലെ സ്ഥിതിഗതികൾ അന്താരാഷ്ട്ര സംഘം നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ യു.എസ് നയതന്ത്രത്തിന്റെ പരാജയമാണ് ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് കാരണമെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ അഭിപ്രായ​പ്പെട്ടിരുന്നു.

ഗസ്സയിൽ വിനാശം വിതച്ച്​ ഇ​സ്രായേലിൻെറ വ്യോമാക്രമണവും മറ്റും തുടരുമ്പോഴും പ്രതീക്ഷ കൈവിടാതെ നല്ലൊരു ഫലത്തിനു വേണ്ടി ഖത്തറിൻെറ നേതൃത്വത്തിൽ മധ്യസ്​ഥ ശ്രമം തുടരുന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്​മാൻ ആൽഥാനി പറഞ്ഞു. ഞായറാഴ്​ച ആരംഭിച്ച ദോഹ ഫോറത്തിൽ ‘മധ്യപൂർവേഷ്യ​ ഇനിയെന്ത്​’ എന്ന വിഷയത്തിൽ നടന്ന ആദ്യ സെഷനിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിലവിലെ സാഹചര്യത്തിൽ മധ്യസ്​ഥ ശ്രമം ഉപേക്ഷിക്കാനാവില്ല. അതേസമയം, ഇ​സ്രായേൽ ​​​ആക്രമണം തുടരുന്നത്​ ദൗത്യം ദുഷ്​കരമാക്കുകയാണ്.​ ബന്ദികളുടെ മോചനം സാധ്യമാക്കാനും യുദ്ധം പൂർണമായി അവസാനിപ്പിക്കാനും മധ്യസ്​ഥർ എന്ന നിലയിൽ ഖത്തർ പ്രതിജ്ഞാബദ്ധരാണ്. ഈജിപ്​ത്​, അമേരിക്ക ഉൾപ്പെടെ അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന്​ ദൗത്യം തുടരുന്നുണ്ട്. അതേസമയം, മധ്യസ്​ഥ ദൗത്യത്തോട്​ ഇരു കക്ഷികളിൽ നിന്നും ​ഒരേപോലുള്ള സമീപനം പ്രകടമാവുന്നില്ല’ -അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - Netanyahu expresses ‘displeasure’ at Russia’s position against Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.