ജറൂസലം: ഇസ്രായേലിൽ സർക്കാറിനെതിരെ വൻ പ്രതിഷേധ വേലിയേറ്റം സൃഷ്ടിച്ച ജുഡീഷ്യൽ പരിഷ്കാരം അടിച്ചേൽപിക്കാനൊരുങ്ങി വീണ്ടും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. കടുത്ത എതിർപ്പിനെത്തുടർന്ന് ഒരിക്കൽ പിൻവലിച്ച പരിഷ്കാര നീക്കമാണ് ചെറിയ മാറ്റങ്ങളോടെ വീണ്ടും അവതരിപ്പിക്കുന്നത്.
സർക്കാറിനെതിരെ വിധിപറയാൻ അധികാരം നിഷേധിക്കുന്നതടക്കം ജുഡീഷ്യറിയെ ചുരുട്ടിക്കൂട്ടുന്ന പരിഷ്കാര നടപടികളാണ് കഴിഞ്ഞ മാർച്ചിൽ നടപ്പാക്കാനൊരുങ്ങിയിരുന്നത്. എന്നാൽ, സർക്കാർ നിലനിൽപുതന്നെ അപകടകരമാകുംവിധം ജനം രംഗത്തിറങ്ങിയതോടെ പിൻവലിക്കുകയായിരുന്നു. സർക്കാറിനെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതിക്ക് അധികാരം തിരിച്ചുനൽകുന്നതുൾപ്പെടെ മാറ്റങ്ങളോടെയാകും പുതിയ പരിഷ്കാരമെന്നാണ് റിപ്പോർട്ട്. എന്നാൽ, അഴിമതിക്ക് വാതിൽ തുറന്നിടുന്നതാകും പുതിയ നീക്കവുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. നെതന്യാഹുവിനെതിരെ ജനം വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കടുത്ത അഴിമതി ആരോപണങ്ങളുടെ നിഴലിൽ നിൽക്കുന്ന നെതന്യാഹു രക്ഷപ്പെടാനുള്ള അവസാന നടപടിയായാണ് ജുഡീഷ്യറി പരിഷ്കാരത്തെ കാണുന്നതെന്ന് ഇസ്രായേലികൾക്കൊപ്പം പാശ്ചാത്യ ഭരണകൂടങ്ങളും കരുതുന്നു. എന്നാൽ, ജുഡീഷ്യറിയും ഭരണകൂടവും തമ്മിൽ സന്തുലനമാണ് ഉദ്ദേശിക്കുന്നതെന്ന് നെതന്യാഹു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.