നെതര്‍ലാണ്ട്സ് ബാറ്റ്സ്മാന്‍ ബെന്‍ കൂപ്പര്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. എട്ട് വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതത്തിന് ശേഷമാണ് കൂപ്പർ വിരമിക്കൽ പ്രഖ്യാപിച്ചത്. അടുത്തിടെ ദക്ഷിണാഫ്രിക്കക്കും അഫ്ഗാനിസ്ഥാനുമെതിരായ നെതർലാൻഡ്‌സിന്റെ പരമ്പരകളിൽ നിന്ന് താരം വിട്ട് നിന്നിരുന്നു.
29ാം വയസ്സിൽ വിരമിക്കുന്ന വിവരം കൂപ്പർ ട്വീറ്റ് ചെയ്ത് ആരാധകരെ അറിയിക്കുകയായിരുന്നു. ''ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഞാനെന്‍റെ വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. എട്ട് വർഷക്കാലം നെതർലാന്‍റ്സിന് വേണ്ടി ഓറഞ്ചണിഞ്ഞ് മത്സരിക്കാൻ കഴിഞ്ഞത് ഞാനെന്‍റെ ഭാഗ്യമായി കരുതുന്നു. കരിയറിൽ ഉയർച്ചയും താഴ്ച്ചയും ചില പ്രത്യേക നിമിഷങ്ങളും നിറഞ്ഞ നാളുകളായിരുന്നു കടന്നു പോയത്. ഓർക്കാൻ ഒത്തിരി നല്ല നിമിഷങ്ങൾ അത് സമ്മാനിച്ചിട്ടുണ്ട്.
നെതർലാൻഡ്സിലെ എന്‍റെ ടീം മേറ്റ്സിനും കോച്ചിനും ഞാൻ പ്രത്യകം നന്ദിയറിയിക്കുകയാണ്. കളിക്കളത്തിലും റൂമിലും എനിക്ക് സമ്മാനിച്ച നല്ല അനുഭവങ്ങൾക്ക് നന്ദി. ഡച്ച് ക്രിക്കറ്റിന് വേണ്ടി നിലവിലെ ടാലന്‍റഡ് ആയ ടീം അംഗങ്ങൾ വിജയം കൈവരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
എന്നിൽ വിശ്വാസമർപ്പിച്ച് എനിക്കെല്ലാ പിന്തുണയും നല്കിയ എന്‍റെ മാതാപിതാക്കൾക്കും കുടുംബത്തിനും കൂട്ടുകാർക്കും നന്ദി''-കൂപ്പർ ട്വീറ്റ് ചെയ്തു. ടി20യിൽ നെതര്‍ലാണ്ട്സിനായി 58 മത്സരങ്ങളിൽ നിന്ന് 1239 റൺസ് നേടിയിട്ടുള്ള താരം ആണ് ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറര്‍. 2013ൽ കാനഡക്കെതിരെയായിരുന്നു താരത്തിന്റെ ഏകദിന അരങ്ങേറ്റം. 127 ഏകദിനങ്ങളിലും ലിസ്റ്റ് എ അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ച താരം 996 റൺസാണ് സ്കോര്‍ ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.