ന്യൂഡൽഹി: ബ്രിട്ടനിൽ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ ഇന്ത്യയും കാത്തിരിക്കുന്നത് പ്രതീക്ഷയോടെ. ഇന്ത്യയുമായി ശക്തമായ ബന്ധം ആഗ്രഹിക്കുന്ന നേതാവാണ് സ്റ്റാർമർ. ലേബർ പാർട്ടിയുടെ പ്രകടന പത്രികയിൽ ഇന്ത്യയുമായി ബന്ധം വിപുലപ്പെടുത്തുന്നതിനുള്ള താൽപര്യം വ്യക്തമാണ്.
സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പെടെ ഇന്ത്യയുമായി തന്ത്രപരമായ പങ്കാളിത്തം വേണമെന്നാണ് കെയ്ർ സ്റ്റാർമറിന്റെ നിലപാട്. സുരക്ഷ, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ സഹകരണമുണ്ടാകും. പുതിയ ലേബർ പാർട്ടിയാണ് തേൻറതെന്ന് കഴിഞ്ഞ വർഷം ഇൻഡ്യ ഗ്ലോബൽ ഫോറത്തിൽ സംസാരിക്കവേ സ്റ്റാർമർ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയോടുള്ള കാഴ്ചപ്പാടിൽ വൻ മാറ്റങ്ങളാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. ബ്രിട്ടനിൽ ഹിന്ദുഫോബിയക്ക് സ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞയാഴ്ച കിങ്സ്ബറിയിലെ ശ്രീസ്വാമിനാരായൺ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ അദ്ദേഹം ഹിന്ദു സമൂഹത്തിന് ഉറപ്പ് നൽകിയിരുന്നു.
പ്രധാനമന്ത്രിയെന്ന നിലയിൽ കശ്മീർ വിഷയത്തിൽ കെയ്ർ സ്റ്റാർമർ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്നും ഇന്ത്യ ഉറ്റുനോക്കുന്നുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണ് കശ്മീർ എന്ന ബ്രിട്ടീഷ് സർക്കാറിന്റെ നിലപാടിൽനിന്ന് വിഭിന്നമായ സമീപനമാണ് ലേബർ പാർട്ടി നേരത്തേ സ്വീകരിച്ചിരുന്നത്. അന്താരാഷ്ട്ര നിരീക്ഷകർ കശ്മീരിൽ പ്രവേശിക്കണമെന്നും ജനങ്ങളുടെ സ്വയം നിർണയാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 2019 സെപ്റ്റംബറിൽ അന്നത്തെ നേതാവ് ജെറമി കോർബിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി അടിയന്തര പ്രമേയം പാസാക്കിയിരുന്നു. പ്രമേയത്തെ ശക്തമായി അപലപിച്ച ഇന്ത്യ, ലേബർ പാർട്ടി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, കെയ്ർ സ്റ്റാർമർ ഇക്കാര്യത്തിൽ വേറിട്ട നിലപാടാണ് പുലർത്തുന്നത്. കശ്മീർ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യയും പാകിസ്താനും സമാധാനപരമായി പ്രശ്നം പരിഹരിക്കുമെന്നുമാണ് അദ്ദേഹം അടുത്തിടെ പറഞ്ഞത്. അതിവേഗം വളരുന്ന സമ്പദ്വ്യസ്ഥയായ ഇന്ത്യയുമായി ശക്തമായ ബന്ധം അദ്ദേഹം ആഗ്രഹിക്കുന്നതിന്റെ തെളിവാണ് ഇതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ഇസ്രായേൽ-ഗസ്സ സംഘർഷമാണ് സ്റ്റാർമർക്ക് മുന്നിലെ മറ്റൊരു വെല്ലുവിളി. വിഷയത്തിൽ മുൻ സർക്കാറിെന്റ നിലപാടിൽനിന്ന് ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് അഭിപ്രായമുയരുന്നുണ്ട്. ഇസ്രായേലിനുള്ള ആയുധ വിൽപന നിർത്തണമെന്നും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും ലേബർ പാർട്ടിയിലെ വാദമാണ് ഇതിന് കാരണം. അധികാരത്തിലെത്തിയാൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റാർമർ പറഞ്ഞിരുന്നു. അതേസമയം, യുദ്ധത്തിൽ ഇസ്രായേലിന് ഉറച്ച പിന്തുണ നൽകുന്ന നിലപാടാണ് സ്റ്റാർമർ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.