ന്യൂയോർക്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെക്കുറിച്ച് 2018ൽ പ്രസിദ്ധീകരിച്ച 'കാലിഫേറ്റ്' എന്ന പോഡ്കാസ്റ്റ് റിപ്പോർട്ട് വസ്തുതവിരുദ്ധമായിരുന്നുവെന്ന് ലോകത്തെ സുപ്രധാന മാധ്യമ സ്ഥാപനങ്ങളിലൊന്നായ ന്യൂയോർക് ടൈംസ്. ഐ.എസിനു വേണ്ടി ആരാച്ചാർ ജോലി ചെയ്തുവെന്ന് അവകാശപ്പെട്ട പാക് വംശജനായ കനേഡിയൻ പൗരൻ ഷെഹ്റോസ് ചൗധരിയുടെ വെളിപ്പെടുത്തലുകളെ ആധാരമാക്കി തയാറാക്കിയ റിപ്പോർട്ടിൽ വലിയ പാളിച്ചകൾ പറ്റിയെന്ന് പത്രം നടത്തിയ അഭ്യന്തര അന്വേഷണത്തിൽ വ്യക്തമായി.ലോകമൊട്ടുക്ക് ഏറെ ചർച്ചചെയ്യപ്പെട്ട റിപ്പോർട്ട് പീബോഡി ഉൾപ്പെടെ നിരവധി പത്രപ്രവർത്തന അവാർഡുകൾ സ്വന്തമാക്കിയിരുന്നു. അവാർഡുകൾ തിരിച്ചുനൽകാനും റിപ്പോർട്ട് തയാറാക്കിയ രുക്മിണി കല്ലിമാചിയെ ചുമതലയിൽനിന്ന് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
സിറിയയിലെ ഭീകര ജീവിതത്തിനു ശേഷം കാനഡയിൽ മടങ്ങിയെത്തിയ ഷെഹ്റോസിെൻറ കൂട്ടക്കൊലകളുടെയും രക്തം മരവിപ്പിക്കുന്ന പീഡനങ്ങളുടെയും 'ദൃക്സാക്ഷി' വിവരണമാണ് കാലിഫേറ്റിലൂടെ നൽകിയത്. റിപ്പോർട്ട് പുറത്തുവന്നതോടെ ഭീകര പശ്ചാത്തലമുള്ളയാൾ രാജ്യത്ത് തങ്ങുന്നതിനെതിരെ കാനഡയിൽ ഉയർന്ന എതിർപ്പും സർക്കാർ നടത്തിയ അന്വേഷണവുമാണ് വഴിത്തിരിവായത്. മാസങ്ങൾ നീണ്ട അന്വേഷണത്തിൽ ചൗധരി പറഞ്ഞത് കെട്ടുകഥയാണെന്ന് വ്യക്തമാവുകയായിരുന്നു. വ്യാജ ബോംബ് ഭീഷണിയും മറ്റും മുഴക്കുന്നവരെ നേരിടാനുള്ള 'ഭീകരവാദ വ്യാജസന്ദേശ' നിയമം ചാർത്തി ഇയാൾക്കെതിരെ കാനഡ കേസെടുക്കുകയും ചെയ്തു.
ഇതോടെ ന്യൂയോർക് ടൈംസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് റിപ്പോർട്ടിെൻറ വസ്തുതകൾ നിശിതമായി പരിശോധിച്ചപ്പോഴാണ് ഗുരുതര പിഴവുകൾ സംഭവിച്ചിരിക്കുന്നത് കണ്ടെത്തിയത്. കാലിഫേറ്റ് തങ്ങളുടെ സൂക്ഷ്മതയുടെ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും താനുൾപ്പെടെയുള്ളവർക്ക് ഇതിൽ വീഴ്ച പറ്റിയെന്നും എക്സിക്യൂട്ടിവ് എഡിറ്റർ ഡീൻ ബാേക്വ തുറന്നുസമ്മതിച്ചു. റുമേനിയക്കാരിയായ റിപ്പോർട്ടർ രുക്മിണി മരിയ കല്ലിമാചി ഇസ്ലാമിക തീവ്രവാദം സംബന്ധിച്ച വാർത്തകളുടെ ആധികാരിക മുഖമായാണ് അറിയപ്പെടുന്നത്. വിഖ്യാത ഇന്ത്യൻ നർത്തകി രുക്മിണി ദേവി അരുൺഡേലുമായി കുടുംബത്തിനുണ്ടായിരുന്ന അടുപ്പത്തെ തുടർന്നാണ് ആ പേര് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.