ന്യൂയോർക്: നൂറുകണക്കിനു പേരുടെ മരണത്തിനിടയാക്കിയ ഗസ്സയിലെ അൽ അഹ്ലി ആശുപത്രി ആക്രമണത്തിൽ ഇസ്രായേൽ, യു.എസ് വാദങ്ങൾ തള്ളി ന്യൂയോർക് ടൈംസ്. ഇസ്ലാമിക് ജിഹാദിന്റെ മിസൈൽ ഗതിതെറ്റി വീണാണ് അപകടമെന്നായിരുന്നു പാശ്ചാത്യ മാധ്യമങ്ങളെ കൂട്ടുപിടിച്ചുള്ള പ്രചാരണം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തെൽ അവീവ് സന്ദർശനത്തിനെത്തുന്നതിന്റെ തലേന്ന് രാത്രിയാണ് ലോകത്തെ ഞെട്ടിച്ച ആക്രമണമുണ്ടായത്.
ഇസ്രായേൽ വ്യോമാക്രമണത്തിൽ 500 പേർ മരിച്ചുവെന്നായിരുന്നു ആദ്യ വാർത്തകൾ. ഇസ്രായേലി ഭരണ നേതൃത്വവുമായും സൈന്യവുമായും അടുപ്പമുള്ളവർ ഈ ആക്രമണം ഏറ്റെടുക്കുകയും ഹമാസിന്റെ കേന്ദ്രമാണ് ആക്രമിച്ചതെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ആശുപത്രി ആക്രമിക്കപ്പെട്ടുവെന്ന വാർത്ത കാട്ടുതീ പോലെ പടരുകയും രാജ്യാന്തര തലത്തിൽ വലിയ പ്രതിഛായ നഷ്ടം സംഭവിക്കുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ ഇസ്രായേൽ മെല്ലെ നിലപാട് മാറ്റി. ഇസ്ലാമിക് ജിഹാദിന്റെ മിസൈൽ വഴി തെറ്റി വീണതാണെന്ന പുതിയ ആഖ്യാനം ചമയ്ക്കപ്പെട്ടത് അങ്ങനെയാണ്.
അടുത്ത ദിവസം നെതന്യാഹുവുമൊത്ത് മാധ്യമങ്ങളെ കണ്ട ബൈഡൻ ‘മറ്റേ ടീം’ ആണ് പണി പറ്റിച്ചതെന്ന മട്ടിൽ പ്രതികരിക്കുകയും ചെയ്തതോടെ ഇസ്രായേലിന് ആശ്വാസമായി. ഇസ്ലാമിക് ജിഹാദിന്റെ മിസൈൽ ആണ് വീണതെന്ന് കാണിക്കാൻ അൽ ജസീറയുടേത് ഉൾപ്പെടെ വിഡിയോ ദൃശ്യങ്ങളാണ് ഇസ്രായേൽ പ്രചരിപ്പിച്ചത്. മിക്ക പാശ്ചാത്യ മാധ്യമങ്ങളും ആ കഥ ഏറ്റുപാടുകയും ചെയ്തു.
അതിനിടക്കാണ് ഇസ്രായേൽ പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ന്യൂയോർക് ടൈംസ് ബുധനാഴ്ച രംഗത്തെത്തിയത്. ഈ വിഡിയോ വിശദമായി വിശകലനം ചെയ്യുമ്പോൾ മറ്റുചിലതാണ് തെളിയുന്നതെന്ന് ന്യൂയോർക് ടൈംസ് സൂചിപ്പിക്കുന്നു. വിഡിയോയിൽ കാണുന്ന മിസൈൽ അല്ല യഥാർഥത്തിൽ ആശുപത്രിയിൽ സ്ഫോടനം സൃഷ്ടിച്ചത്. വിഡിയോയിലെ മിസൈൽ സംഭവ സ്ഥലത്തുനിന്ന് രണ്ടു മൈൽ അകലെ ആകാശത്തു വെച്ച് പൊട്ടിച്ചിതറുകയായിരുന്നുവത്രേ. ഇസ്രായേലി വാദങ്ങളെ ഖണ്ഡിക്കുന്നുണ്ടെങ്കിലും യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ന്യൂയോർക് ടൈംസ് വിശദീകരിക്കുന്നില്ല.
ആശുപത്രിയിൽ സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഗസ്സയുടെ തെക്കു പടിഞ്ഞാറ് ഭാഗത്തുനിന്ന് ഇസ്രായേലിലേക്ക് മിസൈലാക്രമണം ഉണ്ടായിരുന്നു. ഈ മിസൈലുകളുടെ ഉറവിടത്തിലേക്കുള്ള തിരിച്ചടിയിൽ ലക്ഷ്യം കാണും മുമ്പ് വീണ ഇസ്രായേലി മിസൈലാകാം അപകടം ഉണ്ടാക്കിയതെന്ന നേരിയ സൂചന മാത്രമുണ്ട്. ന്യൂയോർക് ടൈംസിന്റെ നിഗമനങ്ങളോട് പ്രതികരിക്കാൻ ഇസ്രായേൽ, യു.എസ് അധികാരികൾ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.