ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ വിവാഹം മാറ്റിവെച്ചു; കാരണമിതാണ്

വെല്ലിങ്ടൺ: തന്റെ വിവാഹം മാറ്റിവെച്ചതായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൺ അറിയിച്ചു. രാജ്യത്ത് ഒമ്പത് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഞായറാഴ്ചയാണ് രാജ്യത്ത് പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ കൂടുതൽ നിയന്ത്രണങ്ങൾ ന്യൂസിലൻഡ് ​പ്രഖ്യാപിച്ചു. ചടങ്ങുകളിൽ പൂർണമായും വാക്സിൻ എടുത്ത 100 പേർക്ക് മാത്രമേ പ​ങ്കെടുക്കാൻ സാധിക്കൂ. നിയന്ത്രണങ്ങൾ അറിയിച്ചശേഷം തന്റെ കല്യാണം ഇപ്പോൾ നടക്കില്ലെന്ന് ജസീന്ത പറഞ്ഞു.

'മഹാമാരി കാരണം ഇത്തരമൊരു അനുഭവം ഉണ്ടായ മറ്റ് നിരവധി ന്യൂസിലൻഡുകാർക്കൊപ്പം ഞാൻ പങ്കുചേരുന്നു. ആ സാഹചര്യത്തിൽ കുടുങ്ങിയ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു' -ജസീന്ത പറഞ്ഞു.

ഒരു വിവാഹത്തിൽ പ​ങ്കെടുക്കാൻ രണ്ട് നഗരങ്ങൾക്കിടയിൽ യാത്ര ചെയ്ത കുടുംബത്തിലെ ഒമ്പത് അംഗങ്ങൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവർ സഞ്ചരിച്ച വിമാനത്തിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെയാണ് ഞായറാഴ്ച മുതൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ആൾക്കൂട്ടത്തിന്റെ എണ്ണം പരിമിതപ്പെടുത്തി. പൊതുഗതാഗതത്തിലും കടകളിലും മാസ്ക് ധരിക്കൽ നിർബന്ധമാണ്. പുതിയ നിയന്ത്രണങ്ങൾ ഫെബ്രുവരി അവസാനം വരെ തുടരും.

ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോഡ് ആണ് ജസീന്തയുടെ ജീവിത പങ്കാളി. ഇവർക്ക് 2018ൽ പെൺകുഞ്ഞ് പിറന്നിരുന്നു. ഇവരുടെ വിവാഹ തീയതി ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. എന്നാൽ, വരുന്ന ആഴ്ചകളിൽ ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ട്.

മുൻകൂട്ടി നിശ്ചയിച്ച വിവാഹം മാറ്റിവെച്ചതിൽ എന്തു തോന്നുന്നു എന്ന് മാധ്യമപ്രവർത്തകർ ജസീന്തയോട് ചോദിച്ചപ്പോൾ, 'അതാണ് ജീവിതം' എന്ന് അവർ മറുപടി പറഞ്ഞു. മഹാമാരി അനുഭവിച്ച, കൂടുതൽ വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിട്ട ആയിരക്കണക്കിന് ന്യൂസിലൻഡുകാരിൽനിന്ന് ഞാൻ വ്യത്യസ്തനല്ല. പ്രിയപ്പെട്ട ഒരാൾക്ക് ഗുരുതരമായ അസുഖം വരുമ്പോൾ അവരോടൊപ്പം കഴിയാൻ കഴിയാത്തതാണ് ഏറ്റവും വലിയ വേദന. അത് ഞാൻ അനുഭവിക്കുന്ന ഏതൊരു സങ്കടത്തെക്കാളും വലുതാണ്' -ജസീന്ത പറഞ്ഞു.

ന്യൂസിലാൻഡിൽ ഇതുവരെ 15,104 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 52 മരണങ്ങൾ രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷമായി കടുത്ത അതിർത്തി നിയന്ത്രണങ്ങളും ലോക്ഡൗണുകളും രാജ്യത്ത് നിലവിലുണ്ടായിരുന്നു. 

Tags:    
News Summary - New Zealand PM's wedding postponed; Because

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.