ഹർദീപ് സിംഗ് നിജ്ജാർ

നിജ്ജാർ വധം: കാനഡയുമായി സഹകരിക്കാൻ ഇന്ത്യ സമ്മതിച്ചോ? പ്രതികരണവുമായി യു.എസ് ഉദ്യോഗസ്ഥൻ

വാഷിംഗ്ടൺ: ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്‍റെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കാനഡയുമായി സഹകരിക്കണമെന്നത് ജോ ബൈഡൻ ഭരണകൂടം നിരവധി തവണ ഇന്ത്യൻ സർക്കാരുമായി ചർച്ച ചെയ്തതായി യു.എസ് ഭരണകൂടം. കഴിഞ്ഞയാഴ്ച വാഷിംഗ്ടൺ ഡി.സിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇക്കാര്യം ഉന്നയിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ രണ്ടു രാജ്യങ്ങളുടെയും സഹകരണം ആവശ്യമായ വിഷയത്തിൽ കാനഡയുടെ അന്വേഷണ നടപടികളുമായി സഹകരിക്കാൻ ഇന്ത്യയോട് ആവശ്യപ്പെടാൻ നിരവധി അവസരങ്ങൾ യു.എസ്‌ ഭരണകൂടം വിനിയോഗിച്ചിട്ടുണ്ടെന്ന് മില്ലർ പറഞ്ഞു. ഇനി ന്യൂഡൽഹി വിഷയത്തിൽ സംസാരിക്കട്ടെ എന്ന മറുപടിയായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കാനഡയുമായി അന്വേഷണത്തിൽ സഹകരിക്കാൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടോ എന്ന പത്രസമ്മേളനത്തിലെ ഒരു ചോദ്യത്തിന് മറുപടിയായാണ് മില്ലറിന്‍റെ മറുപടി.

കഴിഞ്ഞ ജൂൺ 18ന് കാനഡയിലെ സറേയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ചാണ് നിജ്ജാർ വെടിയേറ്റ് മരിച്ചത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടുത്തിടെ ആരോപിച്ചിരുന്നു. എന്നാൽ ആരോപണത്തിൽ ശക്തമായ പ്രതികരണമാണ് ഇന്ത്യ നടത്തിയത്. ഇത് ന്യൂഡൽഹിയും ഒട്ടാവയും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽവീഴ്ത്തി. കൂടാതെ പ്രധിഷേധമെന്നോണം കാനഡയിലേക്കുള്ള വിസ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ നടപടികളാണ് ഇന്ത്യ കൈക്കൊണ്ടത്.

സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച നിജ്ജാറിനെ കൊലപ്പെടുത്തിയത് "ഇന്ത്യൻ ഗവൺമെന്റിന്റെ ഏജന്റുമാരാണ്" എന്ന് വിശ്വസിക്കാൻ കാനഡയുടെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കാരണമുണ്ടെന്ന് കനേഡിയൻ പാർലമെന്റിലെ ഒരു ചർച്ചയ്ക്കിടെ ട്രൂഡോ ആരോപിക്കുകയായിരുന്നു. ഇന്ത്യ ഈ അവകാശവാദങ്ങളെ പൂർണ്ണമായും നിരസിച്ചു. നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന അവകാശവാദത്തെ പിന്തുണയ്ക്കാൻ കാനഡ ഇതുവരെ ഒരു പൊതു തെളിവും നൽകിയിട്ടില്ലെന്ന് ഇന്ത്യൻ സർക്കാർ പറഞ്ഞു.

വർഷങ്ങളായി രാജ്യത്തിനകത്തും പുറത്തും കാനഡ തീവ്രവാദത്തിന് മൗനാനുവാദം നൽകുകയാണ്. നിലവിലെ ഈ സാഹചര്യത്തെ പ്രതിസന്ധി എന്ന് വിളിക്കാനായി സാധിക്കില്ല, ഈ വിഷയവുമായി ബന്ധപ്പെട്ട് നിർദ്ദിഷ്ടവും പ്രസക്തവുമായ ഏത് കാര്യവും പരിശോധിക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറാണെന്നും പൂർണമായും കാനഡയുമായി അത്തരം വിഷയങ്ങളിൽ സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞു.

Tags:    
News Summary - Nijjar murder: Has India agreed to cooperate with Canada? US official with resaponse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.