നിജ്ജാർ വധം: കാനഡ അന്വേഷണം തുടരണമെന്ന് അമേരിക്ക

വാഷിങ്ടൺ: ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡയുടെ അന്വേഷണം തുടരണമെന്നും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അമേരിക്കൻ വിദേശകാര്യ വക്താവ് മാത്യു മില്ലർ. കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളിൽ ആശങ്കയുണ്ട്.

ഇതുസംബന്ധിച്ച് കനേഡിയൻ അധികൃതരുമായി ചർച്ച തുടരുകയാണ്. അന്വേഷണവുമായി സഹകരിക്കണമെന്ന് ഇന്ത്യൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിജ്ജാർ വധത്തെ തുടർന്ന് മോശമായ ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തെ ബാധിക്കില്ലെന്ന് കനേഡിയൻ സൈനിക ഉപമേധാവി മേജർ ജനറൽ പീറ്റർ സ്കോട്ട് പറഞ്ഞു.

ഇന്തോ- പസഫിക് സൈനിക മേധാവിമാരുടെ സമ്മേളനത്തിന് ന്യൂഡൽഹിയിലെത്തിയതായിരുന്നു അദ്ദേഹം. രാഷ്ട്രീയതലത്തിൽ പരിഹരിക്കേണ്ട വിഷയമാണിത്. കൊലപാതകത്തിൽ കനേഡിയൻ പ്രധാനമന്ത്രി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അത് നടന്നുവരുകയാണ്. ഇന്ത്യൻ സൈനിക മേധാവിയുമായി ഇക്കാര്യം സംസാരിച്ചു. സൈനിക സഹകരണത്തെ നിലവിലെ വിഷയങ്ങൾ ബാധിക്കില്ലെന്ന് അദ്ദേഹവും ഉറപ്പുനൽകിയിട്ടുണ്ട്. പ്രദേശത്ത് സമാധാനവും സ്ഥിരതയും നിലനിർത്താനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണയുണ്ടാകുമെന്നും പീറ്റർ സ്കോട്ട് പറഞ്ഞു.

കാനഡ തീവ്രവാദികളുടെ സുരക്ഷിതകേന്ദ്രം -ശ്രീലങ്കൻ വിദേശ മന്ത്രി

ന്യൂയോർക്: ഇന്ത്യ-കാനഡ ബന്ധം വഷളായിരിക്കെ തീവ്രവാദികൾക്ക് കാനഡ സുരക്ഷിത താവളമൊരുക്കുകയാണെന്ന പ്രസ്താവനയുമായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്റി. ഇന്ത്യക്കെതിരെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്കയിൽ വംശഹത്യ നടന്നെന്ന തരത്തിൽ നേരത്തെ ട്രൂഡോ നുണപ്രചാരണം നടത്തി. അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന് എല്ലാവർക്കും അറിവുള്ളതാണ്. കനേഡിയൻ വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം വിശദമാക്കിയിരുന്നു. എന്നാൽ, ട്രൂഡോ ഇതിന് വിരുദ്ധമായി സംസാരിച്ചത് കാനഡയുമായുള്ള ശ്രീലങ്കയുടെ ബന്ധത്തെ ബാധിച്ചു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് ട്രൂഡോ നിർത്തണമെന്നും അലി സാബ്റി ആവശ്യപ്പെട്ടു.

Tags:    
News Summary - Nijjar murder: US wants Canada to continue investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.