കാഠ്മണ്ഡു: യോഗഗുരു ബാബ രാംദേവിന്‍റെ പതജ്ഞലി പുറത്തിറക്കിയ കോവിഡ് മരുന്നായ കോറോണിലിന്‍റെ വിതരണം നേപ്പാളിൽ നിർത്തിവെച്ചു. എന്നാൽ കോറോണിൽ നിരോധിച്ചതായി ഔദ്യോഗിക ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് നേപ്പാൾ ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു.
മതിയായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് 1500 കോറോണിൽ കിറ്റുകൾ വിതരണത്തിനെത്തിച്ചതെന്നായിരുന്നു വാർത്തകൾ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ കോറോണിലിനെതിരായ നിലപാടും നേപ്പാളിന്‍റെ തീരുമാനത്തിന് ശക്തി പകർന്നിരുന്നു. നേരത്തെ ഭൂട്ടാനും കോറോനിൽ കിറ്റ് വിതരണം െചയ്യുന്നത് നിർത്തിയിരുന്നു.
'നേപ്പാൾ സർക്കാർ മരുന്ന് നിരോധിച്ചതായി യാതൊരു ഔദ്യോഗിക ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല'-ആരോഗ്യമന്ത്രാലയം വക്താവായ ഡോ. കൃഷ്ണ പ്രസാദ് പൗഡ്യാൽ പറഞ്ഞു. രാജ്യത്ത് പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്യാനുള്ള എല്ലാ മരുന്നുകളും ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപാർട്മെന്റ് ഓഫ് ഡ്രഗ് അഡ്മിനിസ്ട്രേഷന് കീഴിൽ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
നേപ്പാൾ ആരോഗ്യ മന്ത്രിയായിരുന്ന ഹൃദയേഷ് ത്രിപാഠിക്ക് ഒരു പാക്കറ്റ് കോറോണിൽ സമ്മാനമായി നൽകിയതായി അറിഞ്ഞതല്ലാതെ ഇതേ പറ്റി തനിക്ക് കൂടുതൽ ഒന്നും അറിയില്ലെന്ന് ഡോ. പൗഡ്യാൽ പറഞ്ഞു.
പ്രതിരോധ ശക്തി കൂട്ടുന്നതിന് സഹായിക്കുന്ന നിരവധി ആയുർവേദ മരുന്നുകൾ നേപ്പാളിലുണ്ട്. എന്നാൽ ലോകാരോഗ്യ സംഘടന ഇതുവരെ കോവിഡിനെതിരെ ഒരു മരുന്നിനും അംഗീകാരം നൽകിയിട്ടില്ലെന്ന് പൗഡ്യാൽ പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് ആദ്യ തരംഗം രൂക്ഷമായ സമയത്ത് ജൂൺ 23നാണ് ബാബാ രാംദേവ് ആയുർവേദ മരുന്നായ കോറോണിൽ പുറത്തിറക്കിയത്. അടുത്തിടെ ഉത്തരാഖണ്ഡ് സർക്കാർ വിതരണം ചെയ്യുന്ന കോവിഡ് കിറ്റിൽ കൊറോണിൽ ഉൾപ്പെടുത്തുമെന്ന അഭ്യൂഹം ശക്തമായിരിക്കെ പരാതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.