സൗദിയിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

യാംബു: സൗദി അറേബ്യയിൽ കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം കണ്ടെത്തിയാൽ ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ട്. സുസജ്ജമായ മെഡിക്കൽ സൗകര്യങ്ങളും ലാബ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കുരങ്ങുപനി ആണെന്ന് സംശയിക്കുന്ന കേസുകൾ നിരീക്ഷിക്കാനും അണുബാധയെ ചെറുക്കാനും രാജ്യത്തെ ആരോഗ്യമേഖല പ്രാപ്തമാണെന്ന് ആരോഗ്യ ഉപമന്ത്രി ഡോ. അബ്ദുല്ല അസിരി പറഞ്ഞു.


രോഗം സംശയിക്കുന്ന കേസുകളുടെ സൂക്ഷ്മപരിശോധന നടത്താനും ഏത് രോഗമാണെന്ന് സ്ഥിരീകരിക്കാനുമുള്ള സംവിധാനങ്ങളും സാങ്കേതിക സൗകര്യങ്ങളും രാജ്യത്തെ എല്ലാ പ്രധാന ലബോറട്ടറികളിലും ലഭ്യമാണ്. മനുഷ്യർക്കിടയിൽ കുരങ്ങുപനി പകരുന്ന കേസുകൾ വളരെ പരിമിതമാണെന്നും കേസുകൾ കണ്ടെത്തിയ രാജ്യങ്ങളിൽനിന്ന് അവ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ, വിവിധ രാജ്യങ്ങളിൽ കുരങ്ങുപനിയുടെ വ്യാപന ഭീഷണിയുള്ളതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. 11 രാജ്യങ്ങളിലായി 80ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ 50 കേസുകൾകൂടി വിവിധ രാജ്യങ്ങളിൽ പരിശോധനയിലാണ്.

നേരത്തെ ഇറ്റലി, സ്വീഡൻ, സ്പെയിൻ, പോർച്ചുഗൽ, യു.എസ്, കാനഡ, യു.കെ എന്നിവിടങ്ങളിൽ അണുബാധ സ്ഥിരീകരിച്ചിരുന്നു. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയുടെ വിദൂര ഭാഗങ്ങളിലാണ് ഇപ്പോൾ കുരങ്ങുപനി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സാധാരണയായി ബാധിക്കുന്ന ഈ രോഗത്തിൽ നിന്ന് മിക്ക ആളുകളും ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതായി സൗദി മന്ത്രാലയം അറിയിച്ചു.

നേരത്തെ ആഫ്രിക്കയിൽ മാത്രമായിരുന്നു രോഗം കണ്ടെത്തിയിരുന്നത്. പിന്നീട് യൂറോപ്പിലും അമേരിക്കയിലും കേസ് റിപ്പോർട്ടു ചെയ്തു. ഇന്ത്യയിലടക്കം ഇപ്പോൾ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഈ രോഗം 1980ൽ ഉന്മൂലനം ചെയ്യപ്പെട്ട വസൂരി രോഗത്തിന്‍റെ ലക്ഷണങ്ങളുമായി സാദൃശ്യമുള്ളതാണ്​. വൈറൽ രോഗമായതിനാൽ സുഖപ്പെടാൻ സാവകാശം വേണ്ടിവരുമെന്നും മറ്റുള്ളവരിലേക്ക് പെട്ടെന്ന് പകരാൻ സാധ്യതയുണ്ടെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - No case of monkey pox reported in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.