ഡൽഹിയിൽ നടന്ന വിവിധ രാജ്യങ്ങളുടെ സുരക്ഷാ കൗൺസിൽ അധ്യക്ഷൻമാർ​ പങ്കെടുത്ത യോഗം

'അഫ്​ഗാൻ മണ്ണ്​ ആർക്കെതിരെയും ഉപയോഗിക്കുമെന്ന ആശങ്ക വേണ്ട'; ഡൽഹി യോഗത്തെ സ്വാഗതം ചെയ്​ത്​ താലിബാൻ

കാബൂൾ: എട്ട്​ രാജ്യങ്ങൾ ഉൾപ്പെട്ട ഡൽഹി റീജിയണൽ സെക്യൂരിറ്റി ഡയലോഗിൽ നടന്ന അഫ്​ഗാനിസ്​താനെക്കുറിച്ചുള്ള ചർച്ചകൾ സ്വാഗതം ചെയ്​ത താലിബാൻ, അഫ്​ഗാൻ മണ്ണ്​ ആർക്കെതിരെയെങ്കിലും ഉപയോഗിക്കപ്പെടുമോ എന്നതിൽ ലോകത്തിന്​ ആശങ്ക വേണ്ടെന്ന്​ അറിയിച്ചു.

ഇന്ത്യൻ കോൺഫറൻസിൽ ഉയർന്ന അഫ്​ഗാനിസ്​താനുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും ഇതിനകം നിറവേറ്റിയതായി താലിബാൻ അവകാശപ്പെട്ടതായി അഫ്​ഗാൻ വാർത്താ​ ചാനലായ ടോളോ ന്യൂസ്​ റിപ്പോർട്ട് ചെയ്തു. 'ഇന്ത്യയിൽ ചേർന്ന യോഗത്തെ ഇസ്​ലാമിക് എമിറേറ്റ് താലിബാൻ സ്വാഗതം ചെയ്യുന്നു. ഭരണത്തിൽ ഉറച്ച നടപടികളെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

അഫ്​ഗാനിസ്​താൻ മണ്ണ് ആർക്കെതിരെയും ഉപയോഗിക്കപ്പെടുന്നതിൽ രാജ്യങ്ങൾ ആശങ്കപ്പെടേണ്ടതില്ല' -വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഡെപ്യൂട്ടി വക്താവ് ഇനാമുല്ല സമംഗാനിയെ ഉദ്ധരിച്ച് ടോളോ ന്യൂസ്​ റിപ്പോർട്ട് ചെയ്തു.

ഡൽഹി സുരക്ഷാ യോഗത്തിൽ അഫ്​ഗാനിസ്​താനിലെ സ്ഥിതിഗതികളെക്കുറിച്ചും രാജ്യത്തെയും മേഖലയെയും സംബന്ധിച്ച​ പ്രധാന വെല്ലുവിളികളെക്കുറിച്ചും വിലയിരുത്തലുകളുണ്ടായി. ചർച്ചകളിലൂടെ തങ്ങളുടെ ആവശ്യങ്ങൾ താലിബാനിലേക്ക് എത്തിക്കാനാണ് ലോക രാജ്യങ്ങൾ ശ്രമിക്കുന്നതെന്നും ഈ കൂടിക്കാഴ്ചകൾ അഫ്​ഗാനിസ്​താന് അനുകൂലമായ ഫലമുണ്ടാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകനായ സയ്യിദ് ഹാറൂൺ ഹാഷിമിയെ ഉദ്ധരിച്ച് വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.

ഡൽഹി മേഖലാ സുരക്ഷാ സംവാദത്തിൽ ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ കൗൺസിലുകളുടെ തലവൻമാരാണ്​ പങ്കെടുത്തത്​. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത് ഡോവൽ അധ്യക്ഷനായിരുന്നു.

അഫ്​ഗാനിസ്​താൻ തീവ്രവാദത്തിന്‍റെ സുരക്ഷിത താവളമാകാതിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും രാജ്യത്ത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സർക്കാർ ഉണ്ടാകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ഇന്ത്യയെ കൂടാതെ ഇറാൻ, കസാക്കിസ്​താൻ, കിർഗിസ്ഥാൻ, റഷ്യ, താജിക്കിസ്​താൻ, തുർക്ക്​മെനിസ്​താൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളാണ്​ യോഗത്തിൽ പ​ങ്കെടുത്തത്​.

അഫ്​ഗാനിസ്​താനിലെ വഷളായിക്കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക, മാനുഷിക സ്ഥിതിയിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. അഫ്​ഗാനിസ്​താനിലെ ജനങ്ങൾക്ക് അടിയന്തിര മാനുഷിക സഹായം നൽകേണ്ടതിന്റെ ആവശ്യകതയും യോഗം ഊന്നിപ്പറഞ്ഞു. 

Tags:    
News Summary - ‘No need to worry about Afghan soil being used against anyone’; Taliban welcome Delhi meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.