ഇംറാൻ ഖാന് തൽകാലം ആശ്വസിക്കാം; അവിശ്വാസ പ്രമേയം പരിഗണിച്ചില്ല; തിങ്കളാഴ്ചവരെ സഭ നിർത്തിവെച്ചു

ഇസ്‍ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരായ അവിശ്വാസപ്രമേയം വെള്ളിയാഴ്ച ചേർന്ന ദേശീയ അസംബ്ലി പരിഗണനക്കെടുത്തില്ല. അവിശ്വാസപ്രമേയം പരിഗണനക്കെടുക്കാതെ സഭ സമ്മേളിക്കുന്നത് സ്പീക്കർ ആസാദ് ഖൈസർ തിങ്കളാഴ്ചവരെ നിർത്തിവെച്ചു. തിങ്കളാഴ്ച നാലു മണിക്ക് ശേഷമായിരിക്കും സഭ ചേരുക.

അന്തരിച്ച മുൻ അംഗം ഖയാൽ സമാന് ദേശീയ അസംബ്ലി ചേർന്നയുടൻ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി സഭനിർത്തിവെക്കുകയായിരുന്നു. മുമ്പും ഇത്തരത്തിൽ സഭ നിർത്തിവെച്ചിട്ടുണ്ടെന്ന് സ്പീക്കർ അറിയിച്ചു. അവിശ്വാസപ്രമേയം പാസാക്കാൻ പ്രതിപക്ഷത്തിന് വിമതരുടെ വോട്ട് നിർണായകമായിരുന്നു.

പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി(പി.ടി.ഐ)യിലെ 24 അംഗങ്ങൾ കൂറുമാറിയ സാഹചര്യത്തിൽ ഇംറാൻ ഖാനെ സംബന്ധിച്ചടത്തോളം നിർണായകമായിരുന്നു വെള്ളിയാഴ്ച. 342 അംഗ നാഷനൽ അസംബ്ലിയിൽ 172 പേരുടെ പിന്തുണയുണ്ടെങ്കിൽ അവിശ്വാസപ്രമേയം പാസാകും. പി.ടി.ഐക്ക് 155 അംഗങ്ങളാണുള്ളത്.

പ്രതിപക്ഷ നേതാവ് ശഹബാസ് ശരീഫ്, പാകിസ്താൻ പീപ്ൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭുട്ടോ, സഹ ചെയർമാൻ ആസിഫ് അലി സർദാരി എന്നിവരും സഭയിലുണ്ടായിരുന്നു. സഭ സമ്മേളനം നീട്ടിവെച്ചതിൽ പ്രതിപക്ഷം പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇംറാനെ സഹായിക്കാനാണ് സ്പീക്കറുടെ നീക്കമെന്നും ആരോപിച്ചു. മാർച്ച് എട്ടിനാണ് പ്രതിപക്ഷം ഇംറാൻ ഖാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ പിന്തുണക്കുമെന്ന് ഭരണകക്ഷിയിലെ 14 അംഗങ്ങൾ പ്രഖ്യാപിച്ചതോടെയാണ് പ്രധാനമന്ത്രിയുടെ ഭാവി തുലാസിലായത്. പാകിസ്താനിൽ ഒരു പ്രധാനമന്ത്രിയും അഞ്ചുവർഷം തികച്ച് ഭരിച്ചിട്ടില്ല.

അതെസമയം, എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും രാജിവെക്കില്ലെന്ന് കഴിഞ്ഞ ദിവസം ഇംറാൻ അറിയിച്ചിരുന്നു. ശക്തിപ്രകടനത്തിന്റെ ഭാഗമായി അദ്ദേഹം ഞായറാഴ്ച വൻ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - No-trust vote in Pakistan Parliament: House adjourned till March 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.