കോവിഡ് ഐസൊലേഷനിൽ ഇളവ് പ്രഖ്യാപിച്ച് ഉത്തര കൊറിയ: സ്വദേശികൾക്ക് രാജ്യത്തേക്ക് മടങ്ങാം

കോവിഡ് മഹാമാരി മൂലം രാജ്യത്ത് കർശന നിയന്ത്രണമേർപ്പെടുത്തിയിരുന്ന ഉത്തര കൊറിയ ഐസൊലേഷനിൽ ഇളവ് പ്രഖ്യാപിച്ചു. രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്രകൾക്ക് അതിർത്തി അടച്ച് കർശന നടപടിയാണ് രാജ്യം എർപ്പെടുത്തിയിരുന്നത്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങിവരാം എന്ന ആശ്വാസ പ്രഖ്യാപനമാണ് രാജ്യം ഇപ്പോൾ നടത്തിയിരിക്കുന്നത്.

എമർജൻസി എപ്പിഡെമിക് പ്രിവൻഷൻ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നുള്ള അറിയിപ്പ് പ്രകാരമാണ് വിദേശത്തുള്ള പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയിട്ടുള്ളത്. ഉത്തര കൊറിയൻ സ്റ്റേറ്റ് മീഡിയ ഞായറാഴ്ചയാണ് വിദേശത്ത് താമസിക്കുന്ന പൗരന്മാർക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകുമെന്ന റിപ്പോർട്ട് പുറത്ത് വിട്ടത്. മടങ്ങിയെത്തുന്നവരെ ഒരാഴ്ചത്തേക്ക് ക്വാറന്‍റീൻ വാർഡുകളിൽ നിരീക്ഷണത്തിൽ പാർപ്പിക്കണമെന്നും കൃത്യമായ ആരോഗ്യ പരിപാലനം നടത്തണമെന്നും എപ്പിഡെമിക് പ്രിവൻഷൻ ഹെഡ്ക്വാർട്ടേഴ് ആവശ്യപ്പെട്ടു.

2020ൽ കോവിഡിന്‍റെ വ്യാപ്തിമൂലം അടച്ച ഉത്തര കൊറിയൻ അതിർത്തികൾ ഉടൻ തുറക്കുമെന്ന സൂചനകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.കഴിഞ്ഞ മാസം ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ നടന്ന സൈനിക പരേഡിൽ ചൈനീസ്, റഷ്യൻ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. വർഷങ്ങൾക്ക് ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യത്തെ വിദേശ പ്രമുഖരായിരുന്നു ഇവർ. കൂടാതെ കസാക്കിസ്ഥാനിൽ നടക്കുന്ന തായ്‌ക്വാൻഡോ മത്സരത്തിൽ പങ്കെടുക്കാൻ കായികതാരങ്ങളുടെ പ്രതിനിധി സംഘത്തിന് അനുമതി ലഭിച്ചതും സർക്കാർ ഉടമസ്ഥതയിലുള്ള എയർ കോറിയോ മൂന്ന് വർഷത്തിനിടെ ആദ്യ അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസ് നടത്തിയതുമെല്ലാം അതിർത്തികൾ വീണ്ടും തുറക്കാൻ പോകുന്നതിന്‍റെ സൂചനകളാണ് നൽകുന്നത്. അതോടൊപ്പം പ്യോങ്‌യാങ്ങിനും ബീജിംഗിനുമിടയിൽ വാണിജ്യ വിമാന യാത്രകൾ പുനരാരംഭിക്കാൻ അനുമതി നൽകിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് എ.എഫ്‌.പി റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - North Korea finally relaxes Covid isolation, permits citizens abroad to return home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.