സിയോൾ: ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ. വ്യാഴാഴ്ച പുലർച്ചെയാണ് മിസൈൽ പരീക്ഷണമെന്ന് ദക്ഷിണകൊറിയയുടേയും ജപ്പാന്റേയും അധികൃതർ അറിയിച്ചു. ഇരു രാജ്യങ്ങളുടേയും രാഷ്ട്രതലവൻമാർ കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പാണ് മിസൈൽ പരീക്ഷണമുണ്ടായതെന്നതും ശ്രദ്ധേയമാണ്. 12 വർഷത്തിനിടെ ഇതാദ്യമായാണ് ഇരു രാഷ്ട്രതലവൻമാരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
കൊറിയൻ ഉപദ്വീപിൽ കിഴക്കൻ തീരത്താണ് മിസൈൽ പരീക്ഷണമുണ്ടായതെന്ന് ദക്ഷിണകൊറിയയുടെ സംയുക്ത സൈനികമേധാവി അറിയിച്ചു. മിസൈൽ പരീക്ഷണമുണ്ടായ വിവരം ജപ്പാൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. 1000 കിലോ മീറ്റർ ദൂരം മിസൈൽ സഞ്ചരിച്ചുവെന്നാണ് നിഗമനം.
മിസൈൽ പരീക്ഷണത്തിന് പിന്നാലെ യു.എസുമായി ചേർന്ന് സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ദക്ഷിണകൊറിയ അറിയിച്ചു. ഇതിന് മുമ്പ് ഫെബ്രുവരി 18നാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. ഒരു വർഷത്തിനുള്ളിൽ നാലാമത്തെ മിസൈൽ പരീക്ഷണമാണ് കൊറിയ നടത്തുന്നത്. ഞായറാഴ്ച രണ്ട് ക്രൂയിസ് മിസൈലുകൾ ഉത്തരകൊറിയ തൊടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.