പ്യോങ്യാങ്: മഹാപ്രളയത്തിൽ ആയിരങ്ങൾ മരിക്കുമ്പോഴും ദക്ഷിണകൊറിയയുടെ സഹായം സ്വീകരിക്കാതെ കിം ജോങ് ഉൻ. ഉത്തരകൊറിയയിലുണ്ടായ പ്രളയത്തിൽ 1500 പേർ മരിക്കുകയും 4000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ദക്ഷിണകൊറിയൻ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, വാർത്തകൾ നിഷേധിച്ച ഉത്തരകൊറിയ ദക്ഷിണകൊറിയയുടെ സഹായവാഗ്ദാനം നിരസിക്കുകയും ചെയ്തു.
ദുരന്തം സംബന്ധിച്ച് ദക്ഷിണകൊറിയൻ വാർത്താമാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണെന്ന് കിം ജോങ് ഉൻ പറഞ്ഞു. പ്രളയം ഉത്തരകൊറിയക്കെതിരെ പ്രചാരണം നടത്താൻ ദക്ഷിണകൊറിയ ഉപയോഗിക്കുകയാണ്. ലോകത്തിന്റെ മുമ്പിൽ ഉത്തരകൊറിയയുടെ പ്രതിഛായ മോശമാക്കാനാണ് ദക്ഷിണകൊറിയയുടെ ശ്രമമെന്നും കിം ജോങ് ഉൻ ആരോപിച്ചു.
ദക്ഷിണകൊറിയൻ ചാനലായ ചോസുൻ ആണ് പ്രളയത്തിൽ 1500 പേർ മരിച്ചെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് മറ്റ് ചാനലുകളും ഇത് ഏറ്റുപിടിച്ചു. ഇതിന് പിന്നാലെ ഉത്തരകൊറിയക്ക് അടിയന്തര മാനുഷിക സഹായം നൽകാൻ തയാറാണെന്ന് അറിയിച്ച് ദക്ഷിണകൊറിയ രംഗത്തെത്തിയത്.
അതേസമയം, റഷ്യയും ഉത്തരകൊറിയക്ക് സഹായം നൽകാമെന്ന് വ്യക്തമാക്കിയിരുന്നു. ദുരന്തത്തിൽ അനുശോചനം അറിയിച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ അടിയന്തര സഹായം ഉത്തരകൊറിയക്ക് നൽകുമെന്നും പറഞ്ഞിരുന്നു. എന്നാൽ, സഹായവാഗ്ദാനത്തിന് നന്ദിയറിയിച്ച് കിം ജോങ് ഉൻ ഇപ്പോൾ സഹായമാവശ്യമില്ലെന്നും വേണമെങ്കിൽ ചോദിക്കാമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.