ഉത്തര കൊറിയയിൽ പിടിവിട്ട് കോവിഡ് വ്യാപനം; മൂന്നു ദിവസത്തിനിടെ എട്ടു ലക്ഷം രോഗികൾ; 42 മരണം

പ്യോങ് യാങ്: ഉത്തര കൊറിയയിൽ പിടിവിട്ട് കോവിഡ് വ്യാപിക്കുന്നു. മൂന്നു ദിവസത്തിനിടെ രാജ്യത്ത് 8,20,620 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഞായറാഴ്ച പനി ബാധിച്ച് 15 പേർ കൂടി മരിച്ചു. ഇതോടെ മൂന്നു ദിവസത്തിനിടെ രാജ്യത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി. എന്നാൽ മരണങ്ങൾ കോവിഡ് മൂലമാണെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കിയിട്ടില്ല. 3,24,550 പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

രണ്ട് വർഷത്തിനിടയിൽ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാത്ത രാജ്യമാണ് ഉത്തരകൊറിയ. ഇതാദ്യമായാണ് ഈ വർഷം കോവിഡ് സ്ഥിരീകരിക്കുന്നത്. രാജ്യത്തെ എല്ലാ പ്രവിശ്യകളും നഗരങ്ങളും സമ്പൂർണ ലോക്ഡൗണിലാണ്. ഉൽപാദന കേന്ദ്രങ്ങളും ഫാക്ടറികളും അനിശ്ചിതമായി അടച്ചുപൂട്ടി. വ്യാപനം നിയന്ത്രിക്കാനായി ക്വാറന്‍റീൻ സംവിധാനങ്ങൾ കർശനമാക്കിയിട്ടും രാജ്യത്ത് അതിവേഗത്തിലാണ് രോഗം പടർന്നു പിടിക്കുന്നത്.

കോവിഡ് കേസുകൾ ഉയരുന്നത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കിം ജോങ് ഉൻ അറിയിച്ചു. വ്യാപക കോവിഡ് പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങൾ രാജ്യത്തില്ലെന്നും കോവിഡ് കേസുകളുടെ കാരണത്തെ കുറിച്ച് ധാരണയില്ലെന്നും ഉത്തരകൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ താറുമാറായ ആരോഗ്യസംവിധാനത്തിന് കനത്ത പ്രഹരമാകും കോവിഡ് വ്യാപനമെന്നാണ് വിലയിരുത്തൽ. 26 ദശലക്ഷം ജനസംഖ്യയുള്ള ഉത്തര കൊറിയയിൽ ഭൂരിഭാഗം ആളുകളും വാക്സിൻ ലഭിച്ചവരല്ല.

ഏപ്രിൽ അവസാനവാരത്തിനുശേഷം ഉത്തരകൊറിയയിൽ 3,50,000 പേർക്ക് പനി ബാധിച്ചുവെന്നാണ് റിപ്പോർട്ട്. അതിൽ 1,62,200 പേർ രോഗമുക്തി നേടി.

Tags:    
News Summary - North Korea's Explosive Covid Outbreak: 820,620 Cases In 3 Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.