ഫ്രഞ്ച് ജ്യോതിഷൻ നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങൾ പലപ്പോഴും ചൂടുള്ള ചർച്ചാ വിഷയമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് നടത്തിയ പല പ്രവചനങ്ങളും യാഥാർഥ്യമായതോടെ നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങളിൽ വിശ്വസിക്കുന്നവർ ഏറെയാണ്. 1555ൽ പുറത്തിറങ്ങിയ 'ലെസ് പ്രോഫറ്റീസ്' എന്ന പുസ്തകത്തിലാണ് ഭാവിയിൽ ലോകത്ത് നടക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നോസ്ട്രഡാമസ് പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്. ലോകം എപ്പോൾ എങ്ങനെ അവസാനിക്കും എന്നതുൾപ്പടെ ഏകദേശം 6,338 പ്രവചനങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.
നോസ്ട്രഡാമസ് 2023നെക്കുറിച്ച് നടത്തിയ പ്രവചനങ്ങളാണ് ഇപ്പോഴത്തെ സംസാര വിഷയം. 2023ൽ മൂന്നാം ലോക മഹായുദ്ധം ഉണ്ടാവുമെന്നും ഏഴുമാസം നീണ്ടുനിൽക്കുന്ന മഹായുദ്ധത്തിൽ ആളുകൾ മരിക്കുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതും ചൈനയും തായ്‌വാനും തമ്മിലുള്ള അഭിപ്രായഭിന്നത തെക്കുകിഴക്കൻ ഏഷ്യയിൽ സൃഷ്ടിച്ച സംഘർഷാവസ്ഥയും ചൂണ്ടിക്കാട്ടി പ്രവചനങ്ങൾ യാഥാർഥ്യമാവുകയാണെന്നാണ് നോസ്റ്റർഡാമസ് വിശ്വാസികൾ പറയുന്നത്.
ചുവന്ന ഗ്രഹത്തിലെ വെളിച്ചം കെടുമെന്നാണ് മറ്റൊരു പ്രവചനം. ചൊവ്വയിൽ മനുഷ്യനെത്താനാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ചിലർ വാദിക്കുന്നു. നേരത്തെ, 2029ഓടെ മനുഷ്യൻ ചൊവ്വയിലെത്തുമെന്ന് ഇലോൻ മസ്ക് പറഞ്ഞിരുന്നു. 2023ൽ പുതിയ മാർപ്പാപ്പ ആധികാരമേൽക്കുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. ഫ്രാൻസിസ് മാർപ്പാപ്പ ആയിരിക്കും ലോകത്തിലെ അവസാനത്തെ മാർപ്പയെന്നും പുതിയ മാർപ്പാപ്പ വിവാദങ്ങളുണ്ടാക്കുമെന്നും പ്രവചനത്തിലുണ്ട്.
ആകാശത്തുനിന്നു വരുന്ന തീ രാജകൊട്ടാരത്തിൽ പതിക്കുമെന്നതാണ് മറ്റൊരു പ്രവചനം. ഇത് ലോകാവസാനത്തെക്കുറിച്ചാണ് പറയുന്നതെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ലോകത്ത് പുതിയ അധികാര ശക്തിയുണ്ടാവുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു. രണ്ട് ലോക ശക്തികൾ ചേർന്ന് പുതിയൊരു സഖ്യമുണ്ടാവുമെന്നും സഖ്യം അധികകാലം നീണ്ടു നിൽക്കില്ലെന്നും പ്രവചനത്തിൽ പറയുന്നുണ്ടത്രേ.
പ്രഞ്ച് വിപ്ലവം, അഡോൾഫ് ഹിറ്റ്‍ലറിന്റെ ഏകാധിപത്യ ഭരണം, രണ്ടാം ലോക മഹായുദ്ധം, സെപ്റ്റംബർ 11ലെ ഭീകരാക്രമണം വരെ അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങൾക്ക് ആളുകൾക്കിടയിൽ വലിയ സ്വീകാര്യതയാണുള്ളത്. പ്രവചനങ്ങളെല്ലാം യാഥാർഥ്യമാവുമെന്ന് ഉറച്ച് വിശ്വസിക്കുന്നവരും കുറവല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.