ലണ്ടൻ: കൃത്രിമ സൃഷ്ടിയാണെങ്കിലും കലകളെ നിർമിക്കാൻ ഇപ്പോഴും പ്രാപ്തയാണെന്ന് 'റോബോട്ട് ആർട്ടിസ്റ്റ്' ഐഡ ലൗലേസ്. പുതിയ സാങ്കേതിക വിദ്യകൾ സർഗാത്മക വ്യവസായത്തെ എങ്ങനെ ബാധിക്കുമെന്നുള്ള പാർലമെന്ററി അന്വേഷണത്തിൽ ബ്രിട്ടീഷ് നിയമനിർമാതാക്കളോട് സംസാരിക്കുകയായിരുന്നു ഐഡ.
റോബോട്ടിന്‍റെ സൃഷ്ടികൾ മനുഷ്യർ നിർമിച്ചതിൽനിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന സമിതിയുടെ ചോദ്യത്തിന്, കമ്പ്യൂട്ടർ പ്രോഗ്രാമുകളെയും അൽഗോരിതങ്ങളെയും ആശ്രയിക്കുന്നുവെന്നായിരുന്നു മറുപടി.
എങ്ങനെ പെയിന്റിങ്ങുകൾ പൂർത്തിയാക്കിയെന്ന് ചോദിച്ചപ്പോൾ അൽഗോരിതങ്ങൾ, കണ്ണിലെ കാമറകൾ, റോബോട്ടിക് കൈ എന്നിവ ഉപയോഗിച്ച് വരച്ചുവെന്ന് ഐഡ പറഞ്ഞു. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പെയിന്റിങ് ഉൾപ്പെടെ നിരവധി സൃഷ്ടികൾ ഐഡയുടേതായുണ്ട്, അവ ഗാലറികളിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്.
ഓക്സ്ഫഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് സ്ത്രൈണ മുഖത്തോടു കൂടിയ റോബോട്ടിനെ വികസിപ്പിച്ചത്. ശേഷം ബ്രിട്ടനിലെ ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടർ വിദഗ്ധനുമായ ഐഡ ലൗലേസിന്‍റെ പേരു നൽകി. ലോകത്തിലെ ആദ്യത്തെ അൾട്രാ-റിയലിസ്റ്റിക് എ ഐ ഹ്യൂമനോയിഡ് റോബോട്ട് ആർട്ടിസ്റ്റാണ് ഐഡ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.