സ്റ്റോക്ഹോം: ലോകത്തിന്റെ നിലനിൽപ് അപകടത്തിലാക്കി ആണവായുധങ്ങൾ കുന്നുകൂടുന്നു. കാമ്പയിനുകളും കടുത്ത നിയന്ത്രണങ്ങളും തുടരുന്നുവെങ്കിലും അടുത്ത ഒരു പതിറ്റാണ്ടിനിടെ ആണവായുധങ്ങൾ വൻതോതിൽ വർധിക്കുമെന്ന് സ്റ്റോക്ഹോം രാജ്യാന്തര സമാധാന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (സിപ്രി) പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. റിപ്പോർട്ടുപ്രകാരം യു.എസും റഷ്യയുംതന്നെയാണ് ആണവായുധശേഖരത്തിൽ ഒന്നാമതും രണ്ടാമതും. യഥാക്രമം 3708ഉം 4477ഉം ആണ് ഇരുരാജ്യങ്ങളുടെയും വശമുള്ളത്. ചൈന- 350, ഫ്രാൻസ്- 290, ബ്രിട്ടൻ- 180 എന്നിവയാണ് പിറകിൽ. ചൈന അടുത്തിടെയായി ആണവായുധങ്ങളുടെ എണ്ണം കുത്തനെ വർധിപ്പിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് സിപ്രി കണക്കുകൾ പറയുന്നു. 2006ൽ 145 ആയിരുന്നതാണ് ഇരട്ടിയിലേറെ വർധിച്ചത്. അടുത്ത പതിറ്റാണ്ടിൽ ഇത് വീണ്ടും ഇരട്ടി കൂടുമെന്നും സംഘടന പ്രവചിക്കുന്നു.
ഇനിയും കണക്കുകൾ പുറത്തുവരാത്ത ഉത്തര കൊറിയയുടെ വശം 20 ആണവായുധങ്ങളുണ്ടെന്നാണ് അനുമാനം. രാജ്യം നിരന്തരം ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ തുടരുന്നത് ഇതിന്റെ ഭാഗമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അയൽരാജ്യങ്ങളായ ഇന്ത്യ, പാകിസ്താൻ എന്നിവയും ആണവായുധക്കണക്കുകളിൽ ഏകദേശം ഒപ്പത്തിനൊപ്പമാണ്- യഥാക്രമം 160ഉം 165ഉമാണ് ഇവരുടെ പക്കലുള്ളത്. ഇസ്രായേലിന് 90ഉം.
യു.എൻ രക്ഷാസമിതി സ്ഥിരാംഗങ്ങൾകൂടിയായ അഞ്ചു രാജ്യങ്ങളാണ് ആണവായുധശേഖരത്തിലും ആദ്യ അഞ്ചു സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.