ബെർലിൻ: ആർക്കും മേൽക്കൈ നൽകാതെ പൊതു തെരഞ്ഞെടുപ്പ് ഫലം പൂർത്തിയായ ജർമനിയിൽ മന്ത്രിസഭ രൂപവത്കരണത്തിന് ശ്രമങ്ങൾ ആരംഭിച്ച് കക്ഷികൾ. നേരിയ മുൻതൂക്കം ലഭിച്ച സോഷ്യൽ ഡെമോക്രാറ്റ് നേതാവ് ഒലഫ് ഷുൾസിെൻറ നേതൃത്വത്തിൽ സർക്കാറുണ്ടാക്കുമെന്നാണ് പ്രാഥമിക സൂചനകൾ. നിലവിലെ ചാൻസലർ അംഗല മെർകൽ അധികാരം വിട്ട രാജ്യത്ത് അവരുടെ കക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ ഇത്തവണ രണ്ടാം സ്ഥാനത്താണ്.
ഇതര കക്ഷികളായ ഗ്രീൻ പാർട്ടിയുമായും ഫ്രീ ഡെമോക്രാറ്റുകളുമായും അടുത്ത ദിവസം ചർച്ച ആരംഭിക്കുമെന്ന് ഒലഫ് ഷുൾസ് വ്യക്തമാക്കി. എന്നാൽ, പരസ്പരം ചർച്ച പൂർത്തിയാക്കിയ ശേഷമേ സോഷ്യൽ ഡെമോക്രാറ്റുകളുമായി സർക്കാർ രൂപവത്കരണശ്രമം നടത്തൂ എന്നാണ് ഇരുകക്ഷികളുടെയും നിലപാട്. അംഗല െമർകലിെൻറ പിൻഗാമികൾക്ക് നേരിയ സാധ്യതകൾ ഉണ്ടെങ്കിലും ഷുൾസ് തന്നെ ഭരണമേറുമെന്ന് മറ്റു കക്ഷികളും കണക്കുകൂട്ടുന്നു.
2005 മുതൽ രാജ്യത്ത് ചാൻസലറായി തുടരുന്ന മെർകൽ ഇനി തുടരാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിൻഗാമിയായി അർമിൻ ലാഷെറ്റിനെ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ ദയനീയ പ്രകടനത്തോടെ ഭരണമേറാനുള്ള സാധ്യതകൾ ഏകദേശം അസ്തമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന അഭിപ്രായ സർവേയിൽ 62 ശതമാനം പേരും ഷുൾസ് ചാൻസലറാകണമെന്ന പക്ഷക്കാരാണ്. പുതിയ ചാൻസലറെ കണ്ടെത്തുംവരെ മെർകൽ പദവിയിൽ തുടരും.
ജർമനിയിലെ ഏറ്റവും പ്രായമുള്ള രാഷ്ട്രീയ കക്ഷിയായ സോഷ്യൽ ഡെമോക്രാറ്റുകൾ 25.7 ശതമാനം വോട്ടു നേടിയപ്പോൾ ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ 24.1 ശതമാനത്തിലൊതുങ്ങി. ഗ്രീൻസ് 14.8 ശതമാനവും എഫ്.ഡി.പി 11.5 ശതമാനവും സ്വന്തമാക്കി നിർണായക കക്ഷികളായി. ഇവയുടെ നേതാക്കളായ അത്ലറ്റ് അനാലിന ബീർബോക്, നോവലിസ്റ്റ് റോബർട്ട് ഹാബെക്, വ്യവസായി ക്രിസ്ത്യൻ ലിൻഡ്നർ എന്നിവരാകും വരും നാളുകളിലെ ചർച്ചകളിൽ നിറയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.