വാഷിങ്ടൺ: രണ്ടു വർഷത്തോളമായി ലോകത്തെ മുൾമുനയിൽ നിർത്തുന്ന കൊറോണ വൈറസ് ചൈനയിലെ വുഹാൻ ലബോറട്ടറിയിൽനിന്ന് പുറത്തുചാടിയതാണെന്ന് തീർപ്പുപറയാനാകാതെ അന്വേഷണം അവസാനിപ്പിച്ച് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ. ചൈന പൂർണ സഹകരണം നൽകാത്ത സാഹചര്യത്തിൽ അന്വേഷണവുമായി ഇനിയും മുന്നോട്ടുപോകാനില്ലെന്നാണ് ഏജൻസികളുടെ തീരുമാനം.
ജൈവ ആയുധമായി നിർമിച്ചതല്ലെന്ന് അന്വേഷണ സംഘം ഉറപ്പുപറയുന്നു. വിഷയത്തിൽ ചൈനീസ് ഉദ്യോഗസ്ഥർക്ക് മുന്നറിവും ഉണ്ടായിരുന്നില്ല. എന്നാൽ, മനുഷ്യരിലേക്ക് പടർന്നത് എവിടെ നിന്നാണെന്നതിൽ തീർപു പറയാറായിട്ടില്ല.
വൈറസ് ബാധിതമായ ജീവിയിൽനിന്ന് ലഭിച്ചതാകാനാണ് സാധ്യത. യു.എസ് കോവിഡ് വിദഗ്ധൻ ആന്‍റണി ഫൗചി ഉൾപ്പെടെ പ്രമുഖർ ഈ വാദത്തിനൊപ്പമാണ്.
ആഗോളതലത്തിൽ നടക്കുന്ന അന്വേഷണങ്ങളെ ചൈന തടസ്സപ്പെടുത്തുകയാണെന്ന് അന്വേഷണ സംഘം പുറത്തുവിട്ട പ്രസ്താവന കുറ്റപ്പെടുത്തുന്നു. അഞ്ചു പ്രത്യേക സംഘങ്ങളായാണ് യു.എസ് അന്വേഷണം നടത്തിയിരുന്നത്.
2019 നവംബറിൽ മനുഷ്യരിലേക്ക് ചെറിയ തോതിൽ പകർന്നതാണ് മഹാമാരിയായി അതിവേഗം ലോകം കീഴടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.