താലിബാൻ ഭരണമേറ്റ ശേഷം ജോലി നഷ്ടപ്പെട്ടത് 6,400ലധികം അഫ്ഗാൻ മാധ്യമപ്രവർത്തകർക്ക്

വാഷിങ്ടൺ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമേറ്റ ശേഷം രാജ്യത്തെ 6,400ൽ അധികം മാധ്യമപ്രവർത്തകർക്ക് ജോലി ന‍ഷ്ടപ്പെട്ടതായി റിപ്പോർട്ട്. റിപ്പോർട്ടേർസ് വിത്തൗട്ട് ബോർഡേഴ്സും(ആർ.എസ്.എഫ്.), അഫ്ഗാൻ ഇൻഡിപെന്‍ഡന്‍റ് ജേർണലിസ്റ്റ് അസോസിയേഷനും (എ.ഐ.ജെ.എ.) സംയുക്തമായി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സർവേപ്രകാരം 231 മാധ്യമ സ്ഥാപനങ്ങൾ അടച്ച് പൂട്ടി. 60 ശതമാനം മാധ്യമപ്രവർത്തകർക്കും മാധ്യമ ജീവനക്കാർക്കും അഫ്ഗാനിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ജോലി നഷ്ടപ്പെട്ട 80 ശതമാനം പേരിൽ കൂടുതലും സ്ത്രീകളാണെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു.

അഫ്ഗാനിലെ 543 മാധ്യമ സ്ഥാപനങ്ങളിൽ 312 സ്ഥാപനങ്ങൾ മാത്രമാണ് നവംബർ അവസാനമായപ്പോൾ പ്രവർത്തിക്കുന്നത്. ഇതിനർത്ഥം രാജ്യത്തെ 43 ശതമാനം മാധ്യമ സ്ഥാപനങ്ങളും മൂന്ന് മാസം കൊണ്ട് അപ്രത്യക്ഷമായി എന്നാണ് -ആർ.എസ്.എഫ് പറയുന്നു.

നാല് മാസം മുൻപ് വരെ അഫ്ഗാനിന്‍റെ മിക്ക പ്രവിശ്യകളിലും സ്വകാര്യ ഉടമസ്ഥതയിലുള്ള 10 മാധ്യമ സ്ഥാപനങ്ങളെങ്കിലും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ചില പ്രദേശങ്ങളിൽ പ്രാദേശിക മാധ്യമങ്ങളൊന്നും പ്രവർത്തിക്കുന്നില്ല.

പർവാൻ പ്രവിശ്യയിൽ മുമ്പ് ഉണ്ടായിരുന്ന പത്ത് മാധ്യമ സ്ഥാപനങ്ങളിൽ ഇപ്പോൽ പ്രവർത്തിക്കുന്നത് മൂന്നെണ്ണവും, 51 മാധ്യമ സ്ഥാപനങ്ങളുണ്ടായിരുന്ന പടിഞ്ഞാറൻ നഗരമായ ഹെറാത്തിലും ചുറ്റമുള്ള പ്രവിശ്യയിലും ഇപ്പോൾ പ്രവർത്തിക്കുന്നത് വെറും 18 എണ്ണവുമാണ്. 61 ശതമാനം സ്ഥാപനങ്ങൾ ഇവിടെ പൂട്ടേണ്ടി വന്നെന്ന് ആർ.എസ്.എഫ് പറയുന്നു.

Tags:    
News Summary - Over 6400 Journalists In Afghanistan Lost Jobs Since Taliban Takeover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.