ജനീവ: പേജറുകളും വാക്കി ടോക്കികളും ഉൾപ്പെടെ സാധാരണ ആശയവിനിമയ സംവിധാനങ്ങൾ ആയുധമാക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എൻ മനുഷ്യാവകാശ മേധാവി വോകർ ടേർക്. സംഭവത്തെ കുറിച്ച് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടർന്ന് യു.എൻ വിളിച്ചുചേർത്ത അടിയന്തര സുരക്ഷ സമിതി യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. പേജർ, വാക്കി ടോക്കി ആക്രമണങ്ങൾക്ക് ഉത്തരവിട്ടവർക്കും നടപ്പാക്കിയവർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വോകർ ടേർക് പറഞ്ഞു.
ഒരു വർഷമായി തുടരുന്ന ഗസ്സ ആക്രമണങ്ങൾക്കൊപ്പം പേജർ, വാക്കി ടോക്കി പൊട്ടിത്തെറികളും ലബനാൻ-ഇസ്രായേൽ അതിർത്തിയിൽ ദിനേനയുള്ള ഏറ്റുമുട്ടലുകളും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും കനത്ത ഭീഷണിയാണെന്ന് യു.എൻ രാഷ്ട്രീയ മേധാവി റോസ്മേരി ഡികാർലോ അഭിപ്രായപ്പെട്ടു. ആശയവിനിമയ ഉപകരണങ്ങൾ പൊട്ടിത്തെറിച്ചതിലൂടെ തെരുവുകളിലും മാർക്കറ്റുകളിലും കടകളിലും വീടുകളിലുമുള്ള മുഴുവൻ ജനതയെയും ഇസ്രായേൽ ഭയപ്പെടുത്തുകയാണെന്ന് ലബനാൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബോഹബീബ് ആരോപിച്ചു. സ്ഫോടനങ്ങളെ അപലപിക്കുകയും ഇസ്രായേലിനെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തില്ലെങ്കിൽ സർക്കാറുകളും തീവ്രവാദികളും ട്രെയിനുകളിലും വിമാനങ്ങളിലും മറ്റിടങ്ങളിലും സമാന ആശയവിനിമയ ഉപകരണങ്ങളുള്ള സാധാരണക്കാരെ ലക്ഷ്യമിടുകയും ഭയപ്പെടുത്തുകയും കൊല്ലുകയും ചെയ്യുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം, പേജർ, വാക്കി ടോക്കി പൊട്ടിത്തെറികളെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നും എന്നാൽ, ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് എന്തും ചെയ്യുമെന്നും സുരക്ഷ സമിതി യോഗത്തിന് മുന്നോടിയായി യു.എന്നിലെ ഇസ്രായേൽ നയതന്ത്ര പ്രതിനിധി ഡാനി ഡാനൻ വ്യക്തമാക്കി. വ്യാപക ആക്രമണങ്ങളിൽ ഇസ്രായേലിന് താൽപര്യമില്ല. എന്നാൽ, പ്രകോപനം തുടരാൻ ഹിസ്ബുല്ലയെ അനുവദിക്കില്ല. ഹിസ്ബുല്ലയുടെ ആക്രമണം കാരണം ഉത്തര മേഖലയിൽനിന്ന് ഒഴിഞ്ഞുപോകേണ്ടിവന്ന 60,000 പേരെ തിരിച്ചുകൊണ്ടുവരാൻ ഇസ്രായേൽ എന്ത് നടപടിയും സ്വീകരിക്കുമെന്നും ഡാനൻ മുന്നറിയിപ്പ് നൽകി.
ഇത്തരം ഭീകരമായ കുറ്റകൃത്യങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് ഇറാന്റെ യു.എൻ പ്രതിനിധി അമീർ സെയ്ദ് ഇരവാനി പ്രതികരിച്ചു. ലബനാൻ ജനതക്കെതിരായ ആക്രമണം മേഖലയുടെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായി കാണണം. ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നിൽ യു.എസിനും ബ്രിട്ടനുമുള്ള പങ്ക് അന്താരാഷ്ട്ര സമൂഹം തള്ളിക്കളയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.