ഹോങ്കോങ്: ചൈനയുടെ സമ്മർദങ്ങൾക്ക് വഴങ്ങാത്തതിന് ദേശീയ സുരക്ഷ നിയമം ചുമത്തി അടച്ചുപൂട്ടുന്ന ഹോങ്കോങ് ഡെയ്ലി പത്രത്തിന് വികാര നിർഭര യാത്രയയപ്പ് നൽകി ഹോങ്കോങ്ങുകാർ. 80,000 കോപി വിറ്റഴിച്ചിരുന്ന പത്രം അവസാന ദിവസം അച്ചടിച്ചത് 10 ലക്ഷം കോപികൾ. ഹോങ്കോങ് നഗരത്തിലുടനീളം ഏറെദൂരം നീണ്ട വരികളിൽ കാത്തുനിന്ന് അവ സ്വന്തമാക്കിയാണ് ജനം മടങ്ങിയത്.
പത്രത്തിന് പിന്തുണ അർപിച്ച് ഓഫിസിനു മുന്നിൽ തടിച്ചുകൂടിയ ആൾക്കുട്ടത്തിെൻറ വലിയ ചിത്രമായിരുന്നു പത്രത്തിെൻറ മുഖപ്പേജ് നിറഞ്ഞുനിന്നത്. പലയിടങ്ങളിലും വരി കിലോമീറ്ററുകൾ നീണ്ടു. എന്നിട്ടും പത്രം സ്വന്തമാക്കാതെ ആരും മടങ്ങിയില്ല.
പത്രത്തിെൻറ സ്ഥാപകനും ഉടമയും കഴിഞ്ഞ ഡിസംബർ മുതൽ ജയിലിലാണ്. ചീഫ് എക്സിക്യുട്ടീവും എഡിറ്റർ ഇൻ ചീഫും കഴിഞ്ഞ വ്യാഴാഴ്ച പിടിയിലായി. എഡിറ്റോറിയൽ എഴുതുന്ന മുതിർന്ന മാധ്യമ പ്രവർത്തകനെ ബുധനാഴ്ചയും കസ്റ്റഡിയിലെടുത്തു. എല്ലാവർക്കുമെതിരെ ചുമത്തിയിരിക്കുന്നത് വിദേശ ശക്തികളുമായി ചേർന്ന് ഗൂഢാലോചനയിൽ പങ്കാളിയായെന്ന കുറ്റം, അതും ദേശീയ സുരക്ഷ നിയമപ്രകാരം.
പത്രത്തിെൻറ ന്യൂസ്റൂമിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയ പൊലീസ് 'ആപ്ൾ ഡെയ്ലി' ആസ്തികളും അക്കൗണ്ടുകളും മരവിപ്പിച്ചതോടെ അടച്ചുപൂട്ടുക മാത്രമായിരുന്നു മുന്നിലെ വഴി. പത്രത്തിെൻറ വെബ്സൈറ്റും ആപും സമൂഹ മാധ്യമ അക്കൗണ്ടുകളും ബുധനാഴ്ച അർധ രാത്രിയോടെ അടച്ചുപൂട്ടുകയാണെന്നും അവസാന പത്രം വ്യാഴാഴ്ച വിപണിയിലെത്തുമെന്നും മാനേജ്മെൻറ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് അവസാന പ്രതിക്കായി 75 ലക്ഷം ജനസംഖ്യയുള്ള ഹോങ്കോങ് കൂട്ടമായി തെരുവിലെത്തിയത്.
ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി അടച്ചുപൂട്ടാൻ നേരത്തെ തീരുമാനമെടുത്തിരുന്നുവെന്ന് മുൻ അസോസിയേറ്റ് എഡിറ്റർ ചാൻ പ്വിയാൻ പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിനാൽ ജീവനക്കാർക്കെതിരെ ഇനിയും നടപടിക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അവസാന പത്രം തയാറാക്കിയ ന്യൂസ്റൂമിൽ ഗ്രൂപ് ഫോട്ടോയെടുത്തും പരസ്പരം ചേർത്തുപിടിച്ച് കരഞ്ഞും ജീവനക്കാർ വേദന പങ്കിടുന്ന രംഗം പകർത്താൻ മറ്റു മാധ്യമങ്ങളുടെ പ്രതിനിധികളുമെത്തി. ഇവരെ പിന്നീട് പൊലീസെത്തി പിരിച്ചുവിട്ടു.
അടച്ചുപൂട്ടിയതിനെതിരെ രാജ്യാന്തര സമൂഹം കടുത്ത വിമർശനവുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.