സിയോൾ: ദക്ഷിണ കൊറിയയിലെ പാകിസ്താൻ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥർ ഒരു കടയിൽ നിന്ന് ചോക്ലേറ്റും തൊപ്പിയും മോഷ്ടിച്ചതായി കണ്ടെത്തി. സിയോളിലെ യോങ്സാനിലെ ഒരു കടയിൽ നിന്നാണ് ഇവർ മോഷണം നടത്തിയതെന്ന് 'ദി കൊറിയ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. വ്യത്യസ്ത ദിവസങ്ങളിലായി ഒരാൾ 1900 വോണിന്‍റെ (1.70 ഡോളർ-ഏകദേശം 127 രൂപ) ചോക്ലേറ്റും മറ്റൊരാൾ 11,000 വോണിന്‍റെ (10 ഡോളർ-ഏകദേശം 739 രൂപ) തൊപ്പിയുമാണ് കവർന്നത്.
ജനുവരി പത്തിനാണ് ചോക്ലേറ്റ് മോഷണം നടന്നത്. ഫെബ്രുവരി 23ന് തൊപ്പിയും മോഷണം പോയി. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സ്റ്റോറിലെ ഒരു ജീവനക്കാരൻ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ട് മോഷണങ്ങളും കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവർ പാക് എംബസി ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തിയതെന്ന് 'ദി കൊറിയ ടൈംസി'ന്‍റെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഇവരിൽ ഒരു ഉദ്യോഗസ്ഥനെതിരെ കേസെടുത്തില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നയതന്ത്ര പരിരക്ഷയുണ്ടെങ്കിലും രണ്ടാമത്തെ ഉദ്യോഗസ്ഥനെതിരേ ഇപ്പോഴും അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.