ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ നിര്‍മിത ആസ്തികളും നിർമിതികളും ലക്ഷ്യമിടണമെന്ന് താലിബാനില്‍ ചേര്‍ന്ന പാകിസ്താനി പോരാളികളോടും താലിബാനോടും പാക് ചാരസംഘടനയായ ഐ.എസ്.ഐ നിര്‍ദേശം നൽകിയതായി റിപ്പോർട്ട്. അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങളായ നിർമിതികളെല്ലാം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 20 വർഷം കൊണ്ട് ഇന്ത്യ നിർമിച്ച ആസ്തികളെയാണ് ഐ.എസ്.ഐ ലക്ഷ്യമിടുന്നത്.
അഷ്‌റഫ് ഗനിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്താന്‍ സര്‍ക്കാറിനെതിരായ താലിബാന്‍ ആക്രമണത്തെ പിന്തുണക്കുന്നതിനായി പതിനായിരത്തിലധികം പാക് പൗരന്‍മാര്‍ അഫ്ഗാനില്‍ പ്രവേശിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യന്‍ നിര്‍മിത ആസ്തികൾ നശിപ്പിക്കണമെന്ന പ്രത്യേക നിര്‍ദേശങ്ങളുമായിട്ടാണ് പാകിസ്താന്‍ അഫ്ഗാനിലേക്ക് ആളുകളെ അയച്ചിട്ടുള്ളതെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ നിരീക്ഷക വൃത്തങ്ങളെ ഉദ്ധരിച്ച് 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ അഫ്ഗാനിസ്താന്‍റെ പുനര്‍നിര്‍മാണത്തില്‍ മൂന്ന് ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ഡെലാറാമിനും സരഞ്ച് സല്‍മ ഡാമിനുമിടയിലെ 218 കിലോമീറ്റര്‍ റോഡും 2015ല്‍ ഉദ്ഘാടനം ചെയ്ത പാര്‍ലമെന്‍റ് കെട്ടിടവുമെല്ലാം അഫ്ഗാന്‍ ജനതയ്ക്കുള്ള ഇന്ത്യന്‍ സംഭാവനയുടെ ഏറ്റവും വലിയ പ്രതീകമാണ്.
ഹെറാത്ത് പ്രവിശ്യയിലെ ചിശ്ത് ജില്ലയിൽ വൈദ്യുതി വിതരണം നടത്തുന്നതിന് അഫ്ഗാൻ-ഇന്ത്യ സൗഹൃദ സ്മാരകമായി നിലകൊള്ളുന്ന സൽമ ഡാമിൽ കഴിഞ്ഞ ദിവസം താലിബാൻ ബോംബിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.